വട്ടപ്പാറയെ വെല്ലും പാണ്ടികശാല
കുറ്റിപ്പുറം-വളാഞ്ചേരി ഹൈവേയിലാണ് അപകടം വിതയ്ക്കുന്ന ഹംപുകൾ കുരുതിക്കളം തീർക്കുന്നത്. തുടർച്ചയായ അപകടങ്ങൾ പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഭീതി വിതയ്ക്കുന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ പരാതിയിൽ അധികാരികൾ നിസംഗത കൈവെടിഞ്ഞില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് പാണ്ടികശാലയിൽ 3 ദിവസങ്ങളിലായി 3 അപകടങ്ങൾ നടന്നത്. കുറ്റിപ്പുറം ഭാഗത്തു നിന്നും അമിതവേഗതയിൽ വരുന്ന വാഹനങ്ങളാണ് നിരയായുള്ള ഹംപുകളിൽ അപകടത്തിൽ പെടുന്നത്. ഹംപുകൾക്ക് മുൻപ് വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും തിരിച്ചറിയൽ ലൈനുകൾ ഇല്ലാത്തതും ഈ റൂട്ടിൽ മുൻപരിചയമില്ലാത്ത ഡ്രൈവർമാർക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ പറ്റാത്തതുമാണ് അപകടത്തിന് കാരണമായി ഡ്രൈവർമാർ പറയുന്നത് .
അന്യസംസ്ഥാന വാഹനങ്ങളടക്കം അപകടത്തിൽപെട്ടാൽ ഡ്രൈവർമാർ വാഹനം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. നിരവധി തവണ നാട്ടുകാർ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പരാതി നൽകിയിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഒന്നുകിൽ ശാസ്ത്രീയമായ രീതിയിൽ സുചനാ ബോർഡുകളും രാത്രികാലങ്ങളിൽ തിരിച്ചറിയാൻ ഉപകരിക്കുന്ന വിധം റിഫ്ളക്ടർ ലൈനുകളും ഹംപുകളിൽ ക്രമീകരിക്കുക. അല്ലെങ്കിൽ ഹംപുകൾ ഒഴിവാക്കുക എന്നതാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
സൈഫു പാടത്ത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here