കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം : പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് യാത്രക്കാർ
കുറ്റിപ്പുറം : റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് കഴിഞ്ഞദിവസം നടത്തിയ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസന പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാരും സംഘടനകളും. കാലങ്ങളായി കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ വികസനരംഗത്ത് വലിയ അവഗണനയാണ് നേരിടുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി, കുറ്റിപ്പുറം റെയിൽവേ ആക്ഷൻ ഫോറം, കുറ്റിപ്പുറം ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, െട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ, ബി.ജെ.പി, സേവാഭാരതി തുടങ്ങിയ സംഘടനകളാണ് സ്റ്റേഷന്റെ വിവിധ ആവശ്യങ്ങളുൾക്കൊള്ളുന്ന നിവേദനം ചെയർമാന് നൽകിയത്.
കോവിഡ് കാലത്ത് കുറ്റിപ്പുറത്ത് സ്റ്റോപ്പ് നിർത്തലാക്കിയ തീവണ്ടികളായ കോയമ്പത്തൂർ ഇന്റർസിറ്റി, ജനശതാബ്ദി എക്സ്പ്രസ്സ് എന്നിവയുടേയും, മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നിവയുടെ തിരിച്ചുവരുന്നവേളയിലുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന മരുസാഗർ എക്സ്പ്രസ്, മംഗലാപുരം -പുതുശ്ശേരി തീവണ്ടി എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, പേരശ്ശന്നൂർ റെയിൽവേസ്റ്റേഷന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് നേരിട്ടും നിവേദനത്തിലൂടേയും സംഘടനകൾ ചെയർമാനെ അറിയിച്ചത്.
വിഷയങ്ങൾ ഗൗരവമായി ഉൾക്കൊള്ളുകയും പരിഹാര നടപടികൾക്ക് എല്ലാ ശ്രമവും നടത്തുമെന്നും ചെയർമാൻ അറിയിച്ചിട്ടുണ്ട്. കുറ്റിപ്പുറം റെയിൽവെസ്റ്റേഷനിൽ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വികസന പദ്ധതികൾ സംബന്ധിച്ച് ചെയർമാൻ സംഘടനാ പ്രതിനിധികൾക്ക് വിവരിച്ചുനൽകി. ഈ വികസന പ്രവർത്തനങ്ങൾ നടപ്പായാൽ അത് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനെ സംബന്ധിച്ച് വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് സംഘടനകളുടേയും യാത്രക്കാരുടേയും പ്രതീക്ഷ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here