കൊളമംഗലത്ത് തോട് കൈയേറ്റം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
വളാഞ്ചേരി:ഹൈക്കോടതി ഉത്തരവ് അവഗണിച്ച് തോട് കൈയ്യേറാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കൊളമംഗലം കോതേ തോടാണ് സ്വകാര്യ വ്യക്തി കൈയ്യേറുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഗെയിൽ പൈപ്പ് ലൈൻ പണിയുടെ മറവിൽ തോട് കൈയ്യേറ്റം നടന്നിരുന്നു. നാട്ടുകാർ കൈയ്യേറ്റം തടയുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. താലൂക്ക് സർവേയർ തോട് അളന്നപ്പോൾ കൈയ്യേറ്റം വ്യക്തമായി.
എന്നാൽ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ കൈയ്യേറ്റക്കാരൻ ഹൈക്കോടതിയിൽ പരാതി നൽകി. ഇത് ഹൈക്കോടതി തള്ളി. മുൻസിപ്പാലിറ്റി യഥാസ്ഥാനത്ത് സംരക്ഷണ മതിൽ കെട്ടാനിരിക്കെ മാർച്ച് 21ന് കോവിഡ് പൊതു അവധി ദിനം നോക്കി തോട്ടിൽ പത്തോളം ലോഡ് കരിങ്കല്ല് ഇറക്കി വീണ്ടും കൈയ്യേറ്റത്തിന് ശ്രമിച്ചു. ഇതും നാട്ടുകാർ തടഞ്ഞു.
കാടാമ്പുഴ കരേക്കാട് ഭാഗംമുതലുള്ള ചെറുതോടുകൾ ചേർന്ന് മഴവെള്ളമടക്കം ഭാരതപ്പുഴയിലേക്ക് ഒഴുകുന്ന പ്രധാന തോട് ഇത്തരത്തിൽ നികത്തിയതിനാൽ കഴിഞ്ഞ പ്രളയത്തിൽ പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറുകയുണ്ടായി. തോട് നികത്തിയ കല്ലുകൾ നീക്കംചെയ്ത് മതിൽ കെട്ടിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് തോട് സംരക്ഷണ സമിതി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here