ജനക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റിയെന്നാരോപണം: ‘അൽ സാഹിർ’ ബസ് ചെമ്മാടിനടുത്ത് വച്ച് എറിഞ്ഞ് തകർത്തു
തിരൂരങ്ങാടി: രണ്ട് ആഴ്ചകൾക്ക് മുൻപ് വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിയമം ലംഘിച്ച് കയറി കാൽനടയാത്രക്കാരനായ ഇരിമ്പിളിയം അമ്പാൾ സ്വദേശി സുബ്രഹ്‌മണ്യനെ ഇടിച്ച് വീഴ്ത്തിയ വിവാദങ്ങൾക്കിടെ മറ്റൊരു പ്രശ്നത്തിൽപെട്ട് അൽ സാഹിർ ബസ്.
ചെമ്മാട് കരിപറമ്പിൽ നാട്ടുകാർക്കു നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചതിന് ബസ് എറിഞ്ഞുതകർത്തു.ഇന്നലെ രാത്രി എട്ടരയോടെ കരിപറമ്പ് അങ്ങാടിയിൽ ആണ് സംഭവം. പരപ്പനങ്ങാടിയിൽനിന്നു കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്ന അൽ സാഹിർ ബസാണ് തകർത്തത്. പരപ്പനങ്ങാടിയിലേക്ക് പോകുന്നതിനിടെ പന്താരങ്ങാടിയിൽവച്ച് ഒരു കാറിന് ബസ് തട്ടിയെന്ന് പറയുന്നു.
തിരിച്ചുവരുമ്പോൾ പന്താരങ്ങാടിയിൽ കാർ യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. പിന്തുടർന്ന കാർ യാത്രക്കാർ കരിപറമ്പിൽവച്ച് വീണ്ടും ബസ് തടഞ്ഞു.കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ബസിന് മുൻപിലൂടെ എടുത്തപ്പോൾ ബസ് ബൈക്കിൽ ഇടിച്ചു.ആളുകൾ ബഹളം വച്ചിട്ടും നിർത്താതെ ബസ് ബൈക്കിനു മുകളിലൂടെ കയറ്റി ഏതാനും മീറ്ററുകളോളം മുന്നോട്ടുപോയി. വഴിയിരികിൽ നിന്നവരും ബൈക്ക് യാത്രക്കാരും ഓടിമാറിയതിനാൽ പരുക്കേറ്റില്ല.
ഇതെ തുടർന്ന് നാട്ടുകാർ ബസ് എറിഞ്ഞുതകർക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഘർഷമായതോടെ ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഗതാഗതക്കുരുക്കായി. പൊലീസെത്തി ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതേസമയം, തന്നെ മർദിക്കുന്നതിനിടെ അബദ്ധത്തിൽ ബസ് മുന്നോട്ടുപോയതാണെന്ന് ഡ്രൈവർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here