മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്; മൂന്നാംഘട്ട നിർമാണം നിലച്ചു, കർമസമിതി സമരത്തിലേക്ക്
കുറ്റിപ്പുറം : 12 വർഷമായി പുനർനിർമാണം നടക്കുന്ന മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ടം ഇപ്പോഴും സ്തംഭിച്ച നിലയിൽ. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7 കി.മീറ്റർ ദൂരം പുനർനിർമാണ പ്രവൃത്തി നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വാഹനങ്ങൾ പോകുന്നതിനാൽ റോഡ് സദാസമയവും പൊടിമയമാണ്. ഇത് പരിസരവാസികൾക്ക് സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല.
മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ ചുങ്കം മുതൽ മൂടാൽ വരെയുള്ള 1.71 കി.മീറ്ററും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5 കി.മീ ദൂരവും നിരന്തര ജനകീയസമരങ്ങളെത്തുടർന്നാണ് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് പുനർനിമിച്ചത്. പിന്നീട് ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്ന കരാറുകാരുടെ സമരത്തെത്തുടർന്ന് റോഡ് പുനർനിർമാണം മൂന്നാം ഘട്ടം ആറ് മാസം മുൻപ് നിർത്തിവെച്ചു.
കരാറുകാരുടെ സമരം തീർന്നപ്പോൾ പൈപ്പില്ലാത്തതായി പ്രശ്നം. ഇതേത്തുടർന്ന് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ വിഷയത്തിൽ ഇടപെടുകയും ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരുടെ യോഗം കുറ്റിപ്പുറം ബ്ളോക്ക് ഓഫീസിൽ വിളിച്ചുചേർക്കുകയുംചെയ്തു. എത്രയും പെട്ടെന്ന് പൈപ്പുകൾ സ്ഥാപിച്ച് റോഡ് ടാറിങ് നടത്താൻ സൗകര്യം ഒരുക്കണമെന്ന് എംഎൽഎ ജൽജീവൻ മിഷൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണിപ്പോൾ. ഏഴു കോടി രൂപയാണ് മൂന്നാംഘട്ട പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിലെ സ്തംഭനാവസ്ഥയിൽ പ്രതിഷേധിച്ച് കഞ്ഞിപ്പുര-മൂടാൽ കർമസമിതി സമരത്തിനിറങ്ങുമെന്ന് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here