ദിണ്ടിഗൽ വാഹനാപകടം; പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിടനൽകി പേരശന്നൂർ ഗ്രാമം
കുറ്റിപ്പുറം: മധുര ദിണ്ടിഗൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരോടെ വിടനൽകി. പേരശന്നൂർ വാളുർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റംസീന(39), മക്കളായ ഫസൽ(22), സഹന(എട്ട് ) എന്നിവരും ഡ്രൈവർ എടച്ചലം ചോലക്കലിലെ പുല്ലാട്ടിൽ ഹിളർ(47 )ആണ് മരിച്ചത്. ഇവർക്ക് പുറമേ തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി (41)യും അപകടത്തിൽ മരിച്ചു. മധുരയിലെ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മധുരക്കുസമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടുമക്കളും പൊലിഞ്ഞതോടെ നാട് ദുഃഖസാന്ദ്രമായി. പേരശന്നൂർ വാളുർ കളത്തിൽ മുഹമ്മദലിയുടെ കുടുംബത്തിൽ ഇനി ബാക്കിയുള്ളത് ഷിഫാനയും ഉപ്പ മുഹമ്മദലിയും മാത്രം. മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, ഷഹന എന്നിവരാണ് ഏർവാടിയിലേക്കുള്ള യാത്രക്കിടെ മരിച്ചത്. അബുദാബിയിലായിരുന്ന മുഹമ്മദലി പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ വാർത്ത കേട്ട ഉടൻ നാട്ടിലേക്ക് തിരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിഫാന മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വളാഞ്ചേരിയിലെ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിലെ വിദ്യാർഥിയായ ഫസൽ നാട്ടിൽ കൂട്ടുകാരുടെ പ്രിയങ്കരനായിരുന്നു. നേരത്തെ നാട്ടിൽ തടിമില്ലിലെ ജോലിക്കാരനായിരുന്ന മുഹമ്മദലി അടുത്ത കാലത്താണ് യുഎഇയിൽ ജോലി തേടി പോയത്. പേരശന്നൂർ ഹൈസ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ഷഹനയും പരിക്കേറ്റ ഷിഫാനയും.
മധുര മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് പേരശനുർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കിയത്. കാർ ഓടിച്ചിരുന്ന എടച്ചലം ചോലക്കലിലെ പുല്ലാട്ടിൽ ഹിളറിന്റെ മൃതദേഹം വിതുമ്പലോടെയാണ് മൂടാൽ, കൊളക്കാട്, ചോലക്കൽ പ്രദേശങ്ങളിലെ നാട്ടുകാർ എറ്റുവാങ്ങി ചോലക്കൽ പള്ളിയുടെ കബർസ്ഥാനിൽ കബറടക്കിയത്. നേരത്തെ മൂടാലിൽ കോഴിക്കട നടത്തിയിരുന്ന ഹിളർ കുറച്ചുകാലമായി ഓട്ടോ ഡ്രൈവറാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here