ഹജ്ജ് നിരക്കായി; കരിപ്പൂരിൽ നിന്ന് 3,73,000 രൂപ
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകർക്കുള്ള നിരക്ക് നിശ്ചയിച്ചു. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർക്ക് 3,73,000 രൂപയും കൊച്ചിയിൽനിന്ന് 3,37,100 രൂപയും കണ്ണൂരിൽനിന്ന് 3,38,000 രൂപയുമാണ് നിരക്ക്. കൊച്ചിയെ അപേക്ഷിച്ച് കരിപ്പൂരിൽ 35,900 രൂപയും കണ്ണൂരിൽനിന്ന് 35,000 രൂപയും അധികമാണ്. ഇത് കരിപ്പൂർ വഴി യാത്ര നിശ്ചയിച്ച തീർഥാടകർക്ക് വൻ തിരിച്ചടിയായി.
10,371 പേരാണ് കരിപ്പൂർവഴി ഹജ്ജിന് പുറപ്പെടുന്നത്. കേരളത്തിൽനിന്നാകെ 17,607 പേർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. തീർഥാടകർക്ക് സ്വന്തം ഇഷ്ടപ്രകാരം വിമാനത്താവളം മാറാൻ അനുമതിയില്ലാത്തതിനാൽ കൂടിയ നിരക്ക് നൽകി ഹജ്ജിന് പോകുകയോ യാത്ര റദ്ദാക്കുകയോ ചെയ്യേണ്ടിവരും. അടുത്തവർഷം കരിപ്പൂരിൽനിന്ന് പുറപ്പെടാൻ ഹജ്ജ് തീർഥാടർ കുറയുന്ന അവസ്ഥയുമുണ്ടാകും.
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂരിലും കൊച്ചിയിലും സൗദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ ചെറിയ വിമാനങ്ങൾക്കു മാത്രമാണ് ഹജ്ജ് സർവീസിന് അനുമതിയുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ താത്പര്യം കാണിച്ചത്. രാജ്യത്ത് ഗയ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്കാണ് കൂടുതൽ ചെലവുവരുന്നത്. കുറവ് മുംബൈയിൽനിന്ന് പുറപ്പെടുന്നവർക്കും. ഗയയിൽനിന്ന് 4,11,600 രൂപയും മുംബൈയിൽനിന്ന് 3,21,150 രൂപയുമാണ് ചെലവ് വരുന്നത്. മൊത്തം 20 വിമാനത്താവളങ്ങളിൽനിന്നാണ് ഹജ്ജിന് പുറപ്പെടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here