തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ പോലും ഇടതുപക്ഷത്തിനു വോട്ട് ചെയ്യില്ല: പികെ ഫിറോസ്
താനൂർ: വരുന്ന തെരഞ്ഞെടുപ്പിൽ യഥാർഥ സി.പി.എം പ്രവർത്തകർ ഇടതുമുന്നണിക്ക് വോട്ട് ചെയ്യില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കളങ്കിതരെയും കൊലപാതകികളെയും സ്ഥാനാര്ഥികളാക്കിയതിൽ ഇത്തരം പ്രവർത്തകർക്ക് കനത്ത അമർഷമുണ്ട്. മുസ്ലിം യൂത്ത് ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി താനൂർ ഒലീവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ ജോസഫ് മുണ്ടശ്ശേരിയെയും ജസ്റ്റിസ് കൃഷ്ണയ്യരെയും പോലെയുള്ള പ്രതിഭകളെ സ്വതന്ത്രരായി മത്സരിപ്പിച്ചവരാണിന്ന് കളങ്കിതരെ മാത്രം തെരഞ്ഞു പിടിച്ചു സ്ഥാനാര്ഥികളാക്കുന്നത്. മൂന്നു വർഷത്തിനിടെ ഒരു ചെറുപ്പക്കാരന് പോലും ഇടത് സർക്കാരിന് ജോലി നല്കാനായിട്ടില്ല. മന്ത്രി ബന്ധുകൾക്ക് മാത്രമാണ് ജോലി സംവരണം. ഇതിൽ പ്രതിഷേധമുള്ളതുകൊണ്ടാണ് സഖാക്കൾ തന്നെ യൂത്ത് ലീഗിന് വിവരങ്ങൾ ചോർത്തി നൽകുന്നത്. യുവജന യാത്രയിൽ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും ഭരണകൂടം മറുപടി പറഞ്ഞിട്ടില്ല. വാണിജ്യ പരസ്യങ്ങളെ പോലും സംഘപരിവാർ ഭയപ്പെടുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.
മോദി രാജ്യത്തെ വിഭജിക്കുന്നു. രാജ്യവും ജനങ്ങളും മോദി ഭരണത്തിൽ പൊറുതിമുട്ടിയിരിക്കിന്നു. മോദി സർക്കാറിനെതിരെയുള്ള കനത്ത പ്രതിഷേധമാണ് പൊന്നാനി സ്ഥാനാർഥി ഇ ടിക്ക് വോട്ടു ചെയ്യിന്നതിലൂടെ ചെയ്യാനാവുക. പൊന്നാനിയിൽ ഇ. ടി ചരിത്ര ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഫിറോസ് പറഞ്ഞു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് നിസാം ഒട്ടുമ്പുറം അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ 31 വൈറ്റ്ഗാർഡ് അംഗങ്ങളെ ആദരിച്ചു. ഫിറോസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. എൻ.എ കരീം, കെ.എൻ. മുത്തുക്കോയ തങ്ങൾ, എംപി അഷറഫ്, ടിപിഎം അബ്ദുൽ കരീം, അഡ്വ.കെപി സൈതലവി, അഡ്വ. പിപി ഹാരിഫ്, റഷീദ് മോര്യ, വികെഎ ജലീൽ, ടി നിയാസ്, കെ.എൻ. ഹക്കീം തങ്ങൾ, ഇസ്മായിൽ പത്തമ്പാട്, എ പി സൈതലവി, ഇ പി കുഞ്ഞാവ, എംപി ഹാസക്കോയ, അൻവർ സാദത്ത്, മുഹമ്മദ് ഹസീർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here