അനധികൃത പണമിടപാട്; യുവാവിന്റെ വീട്ടിൽ റെയ്ഡ്: ലക്ഷകണക്കിന് രൂപയും രേഖകളും പിടികൂടി
എടയൂർ: ബിസിനസ് ആവശ്യാർഥം കൊള്ള പലിശക്ക് പണം കടം കൊടുത്ത് ആളുകളെ വഴിയാധാരമാക്കുന്ന യുവാവിന്റെ വീട്ടിൽ റെയ്ഡ്. പരിശോധനയിൽ നോട്ടെണ്ണുന്ന മെഷീനടക്കം ഇരുപത്തൊന്നു ലക്ഷത്തി അമ്പതിനായിരം രൂപയും രണ്ട് ലാപ്‌ടോപ്പുകളും ബ്ലാങ്ക് ചെക്കുകളും ബ്ലാങ്ക് മുദ്രപേപ്പറുകളും നിരവധി ഒറിജിനൽ ആധാരങ്ങളും എഗ്രിമെന്റുകളും പിടിച്ചെടുത്തു.
വളാഞ്ചേരി അത്തിപറ്റ വലിയകത്ത് മുഹമ്മദ് റഫീഖ് (35) ന്റെ വീട്ടിലും ഗസ്റ്റ് ഹൌസിലും ബന്ധു വീടുകളിലും ഒരേ സമയം അഞ്ച് കേന്ദ്രങ്ങളിലാണ് വളാഞ്ചേരി പോലീസ് പരിശോധന നടത്തിയത്. വളാഞ്ചേരി ബസ് സർവീസ് നടത്തുന്ന മൂത്തേടത്ത് അഷറഫിന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. 2015 മാർച്ച് മാസം മുഹമ്മദ് റഫീഖിൽ നിന്നും ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ കടംവാങ്ങിയത് 75 ലക്ഷം രൂപ തിരിച്ച് നൽകിയിട്ടും വീണ്ടും 75 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പണം കൊടുക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ എട്ട് സെന്റ് സ്ഥലം മുഹമ്മദ് റഫീക്കിന് കരാർ ചെയ്ത് കൊടുത്തു. ഈ ഭൂമിയിൽ ലോൺ ഉണ്ടായത് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമായി. പ്രതി കരാറിൽ നിന്നും പിൻവാങ്ങി പിന്നീട് വെങ്ങാട് ടൌണിലെ ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം വിലമതിക്കുന്ന പതിനഞ്ചര സെന്റ് ഭൂമി തീരാധാരമാക്കി രജിസ്റ്റർ ചെയ്ത് കൊടുത്തു. അത് അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയും കൂട്ട് പലിശയും കിട്ടുമ്പോൾ തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥയിലാണ് നടപടി. മുതലായ അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയായ ഇരുപത്തഞ്ച് ലക്ഷം രൂപ നൽകിയിട്ടും വീണ്ടും പലിശയും കൂട്ട് പലിശയുമായി 75 ലക്ഷം രൂപ കൂടി കിട്ടിയേ തീരൂ എന്ന മുഹമ്മദ് റഫീഖിന്റെ വാശിയാണ് കേസിലെത്തിച്ചത്.
തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.ച്.ഒ ടി മനോഹരൻ, വളാഞ്ചേരി എസ്.ഐ രഞ്ചിത്ത് കെ.ആർ, കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, കൽപകഞ്ചേരി എസ്.ഐ പ്രിയൻ, കാടാമ്പുഴ എസ്.ഐ കെ സുധീർ കുമാർ, എസ്.എസ്.ഐ അബൂബക്കർ സിദ്ധീഖ്, കെ.പി ചന്ദ്രൻ, എസ്.സി.പി.ഒ വി രാജൻ, എം ജറീഷ്, അനീഷ് ജോൺ, ടി വിവേക്, യു അക്ബർ, ജയകൃഷ്ണൻ, സുജിത്ത് പി, കെ മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ്, ആർ ജെ ജോഷി സേവ്യർ, ഡബ്ല്യു.സി.പി.ഒ സൌജത്ത്, ഗ്രെയ്സ്, ലതിക, അമ്പിളി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here