1.38 കോടി പിടികൂടിയ സംഭവം : ലോറി ഉടമയുടെ വീട്ടിലും ഗോഡൗണിലും പരിശോധന
കുറ്റിപ്പുറം: അരിലോറിയിൽ ഒളിപ്പിച്ചുകടത്തിയ 1,38,00,500 രൂപ പിടികൂടിയ സംഭവത്തിൽ ലോറിയുടെ ഉടമയുടെ വീട്ടിലും ഗോഡൗണിലും പോലീസ് പരിശോധന നടത്തി. ലോറി ഉടമയും ചാലിശ്ശേരിയിലെ അടയ്ക്ക വ്യാപാരിയുമായ ഷിജോയിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പ്രതി ഒളിവിലാണെന്ന് പരിശോധന നടത്തിയ കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.
ചാലിശ്ശേരിയിലെ വീട്ടിലും ചങ്ങരംകുളം കോക്കൂരിലുള്ള ഗോഡൗണിലുമാണ് പരിശോധന നടത്തിയത്. രഹസ്യഅറയുള്ള ഒരു ലോറികൂടി പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യഅറയിൽ ഒളിപ്പിച്ച് കടത്തിയ പണമാണ് കഴിഞ്ഞദിവസം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. നാഗ്പൂരിൽനിന്ന് തവനൂർ കൂരടിയിലേക്ക് അരിയുമായെത്തിയ ലോറിയിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഡ്രൈവർ പൊന്നാനി സ്വദേശി വൈശാഖി(28)നെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷിജോയിയെ പ്രതിചേർത്തത്. കേസ് തുടർനടപടികൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി)കൈമാറും. ആദായനികുതി വകുപ്പ് അധികൃതരും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here