‘ഒരുനാൾ ഞാൻ കേരളത്തിൽ വരും നിങ്ങളെയൊക്കെ കാണാൻ ..’ പൊന്നാനി സ്വദേശിനി അമാന അഷ്റഫിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത്
പൊന്നാനി സ്വദേശിനി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അമാന അഷ്റഫിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത്. ഇക്കഴിഞ്ഞ ജൂലൈ 26 ന് 39 വയസ്സുതികഞ്ഞ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്, വിദ്യാർത്ഥിനിയായ അമാന അഷ്റഫ് അയച്ച ജന്മദിനാശംസയ്ക്കുള്ള മറുപടിയിലാണ് അവർ പ്രകൃതി മനോഹരിയായ കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടെന്നും ഒരിക്കൽ ഇവിടെ വരുമെന്നും പറഞ്ഞിരിക്കുന്നത്.
ജന്മദിനാശംസക്കൊപ്പം ന്യൂസിലാൻഡിൽ മുസ്ലീങ്ങൾക്കെതിരേ നടന്ന വംശീയ കൊലപാതകങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ട ജസീന്തയെ അഭിനന്ദിക്കാനും അമാന മറന്നില്ല.കൂടാതെ പ്രധാനമന്ത്രി യായിരിക്കെ പ്രസവിച്ച ജസീന്തയുടെ കുഞ്ഞിനെക്കുറിച്ചും കത്തിൽ അമാന അന്വേഷിച്ചിരുന്നു.ഒപ്പം തനിക്ക് ന്യൂസിലാൻഡിൽ പഠിക്കണമെന്ന ആഗ്രഹവും അമാന പ്രധാനമന്ത്രിക്കെഴുതി. അമാനയുടെ കത്തിനുള്ള മറുപടിയിൽ പ്രധാനമന്ത്രി ജസീന്ത ഇങ്ങനെയെഴുതി :-
“നിങ്ങളുടെ ദയാപരമായ കത്തിന് നന്ദി.കഴിഞ്ഞ ഏതാനും മാസങ്ങൾമുമ്പ് ന്യൂസിലാൻഡിനു വളരെ പ്രയാസമായിരുന്നു. പ്രത്യേകിച്ചും മുസ്ലിം സോദരർക്ക്.വെറുപ്പിനും വിഭാഗീയതയ്ക്കും ഇടം നൽകാത്ത നിരവധിപ്പേർ ലോകത്ത് ഞങ്ങൾക്ക് സുഹൃത്തുക്കളായുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.കുട്ടിയുടെ കത്തിലെ വരികൾ ഇഷ്ടമായി.കേരളം സന്ദർശിച്ചിട്ടില്ല.കേരളം വളരെ നയനമനോഹരമാണെന്നു കേട്ടിട്ടുണ്ട്.ഒരു ദിവസം ഞാൻ വരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. എന്റെ മകൾ ഒരു വയസ്സുകാരി നെവ് സുഖമായിരിക്കുന്നു .അവൾ വളരുകയാണ്.സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്, അതുകേൾക്കാൻ നല്ല രസമാണ്.കാണുന്നവരോട് ഹായ് പറയുന്നുണ്ട്.” —– ജസീന്ത ആർഡൻ, പ്രൈവറ്റ് ബാഗ്,പാർലമെന്റ് ബിൽഡിംഗ്, ന്യൂസിലാൻഡ് -6160 എന്ന പ്രധാനമന്ത്രിയുടെ ലെറ്റർ പാഡിലാണ് മറുപടി അയച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.കെ.അഷ്റഫിന്റെയും വഹീദയുടെയും മകളായ അമാന അഷ്റഫ് പെരുമ്പിലാവ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here