തിരുമാന്ധാംകുന്ന് പൂരാഘോഷം സമാപിച്ചു; ഇന്ന് ചവിട്ടുകളി
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയ ഉത്സവമായി കരുതിപ്പോരുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പുരാഘോഷം സമാപിച്ചു. മേളപ്പെരുക്കങ്ങളുടെ കൂട്ടലും കിഴിക്കലുമായി കഴിഞ്ഞ പതിനൊന്ന് ദിനരാത്രം ക്ഷേത്രനഗരി ഉത്സവത്തിലാറാടി. ഭഗവതിയെ പള്ളിക്കുറുപ്പുണർത്തൽ ചടങ്ങോടെയാണ് പതിനൊന്നാം പൂരദിന പരിപാടിക്ക് തുടക്കമായത്. ഞായറാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ തിരുവാതിരക്കളിയും ഡാൻസും അരങ്ങേറി. ഒമ്പതിന‌് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും നടന്നു.
വൈകിട്ട് ചാക്യാർകൂത്തും ഓട്ടൻതുള്ളലും പതിവ‌് ചടങ്ങായി. പകൽ മൂന്നിന‌് അങ്ങാടിപ്പുറത്തെ പരിസര ക്ഷേത്രങ്ങളിൽനിന്നും, വിവിധ റസിഡന്റ് അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, ദേശക്കാർ എന്നിവർ വാദ്യഘോഷങ്ങളോടും, പൂതം, തിറ, ദേവ വേഷങ്ങൾ, ഗജവീരന്മാർ എന്നിവ അണിനിരത്തിയുമുള്ള അനുബന്ധ പൂര എഴുന്നള്ളിപ്പ‌് മുതുവറ ക്ഷേത്രത്തിന‌് സമീപം സംഗമിച്ചു. തുടർന്നാണ് തളിക്ഷേത്രത്തിലേക്കുള്ള ശ്രദ്ധേയമായ എഴുന്നള്ളിപ്പ് നടന്നത്.
ക്ഷേത്രമുറ്റത്ത് പോരൂർ ഉണ്ണികൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണനും നടത്തിയ ഡബിൾ തായമ്പക, രാത്രി കലാമണ്ഡലം നാരായൺ നമ്പീശൻ, പുരുഷോത്തമൻ, കുട്ടി നാരായണൻ, പ്രകാശൻ, വരവൂർ ഹരിദാസ് എന്നിവർ ചേർന്ന‌് നടത്തിയ പഞ്ചമദ്ദള കേളിയും, കൊട്ടിയിറക്കശേഷം ആറാട്ട് കടവിൽ കക്കാട് രാജപ്പൻ മാരാർ നടത്തിയ തായമ്പകയും മേളപ്രേമികൾക്ക് ഹരംപകർന്നു. രാത്രി പത്തിന് കൊട്ടിക്കയറ്റശേഷം വെടിക്കെട്ടുമുണ്ടായി.
പുലർച്ചെ പൂരപ്പറമ്പിൽ മലയൻകുട്ടിയുമായുള്ള വള്ളുവനാട് രാജാവിന്റെ കൂടിക്കാഴ്ചയും പതിവ‌് ചടങ്ങായി. പുലർച്ചെ നടന്ന വെടിക്കെട്ടോടെയാണ് ഈ വർഷത്തെ പുരാഘോഷം സമാപിച്ചത്. പൂര പിറ്റേന്ന് പൂരപ്പറമ്പിൽ മണ്ണിന്റെ മക്കളുടെ ചവിട്ടുകളി അരങ്ങേറും. വള്ളുവനാടിന്റെ നാനാദേശങ്ങളിൽനിന്നുമുള്ള കർഷക തൊഴിലാളികളാണ് ചവിട്ടുകളി നടത്തുക. ചവിട്ടുകളിയിൽ പങ്കെടുക്കാനും കാണാനും മീനച്ചൂടിനെ വകവയ‌്ക്കാതെ ആയിരങ്ങളെത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here