പേരശ്ശനൂർ പിഷാരിക്കൽ കാർത്തികവേല : ഉത്സവക്കാലത്തിന്റെ വരവറിയിച്ച് പൂതനെത്തി
വളാഞ്ചേരി: നാട്ടിൽ ക്ഷേത്രോത്സവങ്ങളുടെ വരവറിയിച്ച് പൂതൻ വരവായി.
വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങൾ ഉത്തരായണ പുണ്യകാലത്തോടെയാണ് സജീവമാകുന്നതെങ്കിലും പേരശ്ശനൂരിലെ പിഷാരിക്കൽ ദുർഗാ ഭഗവതിക്ഷേത്രോത്സവത്തോടെതന്നെ പൂതൻ നാട്ടിൽ തന്റെ വരവറിയിച്ചു. തുടികൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ കിരീടവും ആടയാഭരണങ്ങളും പരിചയുമായി നാട്ടിടവഴികളിലൂടെ എത്തുന്ന പൂതനും തിറയും വെട്ടത്തുനാടിന് വിസ്മയക്കാഴ്ചകളാണ്.
പേരശ്ശനൂർ പിഷാരിക്കൽ കാർത്തികവേലയോടെയാണ് മേഖലയിലെ ഉത്സവങ്ങൾ ആരംഭിക്കുക. മീനത്തിലെ ഉത്രംനാളിൽ തുടങ്ങുന്ന ചന്ദനക്കാവ് കളംപാട്ടിനു സമാപനം കുറിച്ചുള്ള നാട്ടുതാലപ്പൊലിയോടെയാണ് തിരശ്ശീല വീഴുന്നത്. ചന്ദനക്കാവിൽ മാസങ്ങൾ നീളുന്ന കളംപാട്ടിനു സമാപനം കുറിച്ചാണ് നാട്ടുതാലപ്പൊലി.
ഈ കാലയളവിൽ നൂറിലധികം ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ താലപ്പൊലി നടക്കും. മിക്കവയിലും പൂതനും തിറയും കാളവേലയും അവിഭാജ്യഘടകമാണ്. മകരപ്പിറവിയോടെ പൂതനും തിറയും ഗ്രാമീണ വേഷങ്ങളും കെട്ടുകാഴ്ചകളുമായി ഇണക്കാളക്കോലങ്ങളും ഗ്രാമോത്സവങ്ങളിൽ സജീവമാകും.
Content highlights: perassanur-pisharkkal festival
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here