കുറ്റിപ്പുറത്ത് കാൽവഴുതി പാളത്തിലേക്കു വീഴുകയായിരുന്ന യുവതിയെ രക്ഷിച്ച് റെയിൽവേ പോർട്ടർ
കുറ്റിപ്പുറം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പിൽ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്‌മോർ എക്സ്പ്രസിൽ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചു. ആദ്യം ചാടിയ മകൾ സുരക്ഷിതമായി എത്തി. അമ്മ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായിപ്പോയി.
ഈ സമയത്ത് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ബഷീർ കുതിച്ചെത്തി പാളത്തിലേക്ക് വീണുകൊണ്ടിരുന്ന യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നതിനിടയിൽ ബഷീറിന് നെറ്റിയിൽ ചെറിയ മുറിവേൽക്കുകയും ചെയ്തു. രണ്ടുമാസം മുൻപും ഇത്തരത്തിൽ ഇദ്ദേഹം ജീവൻരക്ഷാ പ്രവർത്തനം നടത്തിയിരുന്നു. വർഷങ്ങളായി ഇവിടെ പോർട്ടറായി ജോലിചെയ്യുന്ന ബഷീർ ഏറെപ്പേരെ വലിയ അപകടങ്ങളിൽനിന്ന് ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here