പെരിന്തല്‍മണ്ണ അക്രമം: അറസ്റ്റിലായവര്‍ക്ക് കുരുക്കാവുക പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലുമായുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്കാവുക പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം. പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി(പി.ഡി.പി.പി.) ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ ചുമത്തുന്നതാണ്. ജാമ്യമില്ലാവകുപ്പാണിത്. അഞ്ചുവര്‍ഷംവരെ തടവും ശിക്ഷയുണ്ട്. ജാമ്യം ലഭിക്കണമെങ്കില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന് കണക്കാക്കിയ തുക അത്രയും അടയ്ക്കണം. കോടതി നിശ്ചയിക്കുന്ന ഈ തുക കെട്ടിവെച്ചാലേ ജാമ്യം ലഭിക്കൂ. കേസില്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുന്ന പ്രതികളാണ് ഈ തുക തുല്യമായി അടയ്‌ക്കേണ്ടത്.
ഹൈക്കോടതി ജസ്റ്റിസായിരുന്ന കെ.ടി. ശങ്കരന്റെ റൂളിങ്ങോടെയാണ് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ജാമ്യം നേടാന്‍ ഈ വ്യവസ്ഥ നടപ്പില്‍വന്നത്. പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയം തകര്‍ത്തതില്‍ ഒരുകോടിയോളം രൂപയാണ് നഷ്ടം. ഇതോടൊപ്പം പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമായി 20 പേരെയാണ് കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തത്. ഇതുള്‍പ്പെടെ പത്ത് കേസുകളാണ് പെരിന്തല്‍മണ്ണ പോലീസ് എടുത്തത്. ഇവയില്‍ തടവും പിഴയും ലഭിക്കുന്ന വകുപ്പുകളാണുള്ളത്. അവ ഇങ്ങനെ: മാരകായുധവുമായി ലഹളയുണ്ടാക്കല്‍-മൂന്നുവര്‍ഷം തടവും പിഴയും. നിയമവിരുദ്ധമായി സംഘംചേരല്‍- ആറുമാസം തടവും പിഴയും. ബഹളം നിയന്ത്രിക്കാനെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍-മൂന്നുവര്‍ഷം തടവും പിഴയും. ആയുധങ്ങളുമായി സംഘംചേരല്‍-രണ്ടുവര്‍ഷം തടവും പിഴയും. അക്രമ ഉദ്ദേശ്യത്തോടെ നീങ്ങുക-രണ്ടുവര്‍ഷം തടവുംപിഴയും. ഗതാഗതം തടസ്സപ്പെടുത്തലും ലഹളയുണ്ടാക്കലും-രണ്ടുവര്‍ഷം തടവും പിഴയും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here