തിരൂരിൽ റജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്ക് അധിക നികുതി; ഒത്തുകളിച്ചു കുടുക്കിയെന്ന് ഉടമകൾ
തിരൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന വാഹനങ്ങൾക്ക് വില നിശ്ചയിച്ചതും നികുതി തീരുമാനിച്ചതും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെന്ന് ഉടമകൾ. തിരൂർ ജോയിന്റ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ചേർന്നു നടത്തിയ ഒത്തുകളിയാണ് വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ വിൽപന നടത്തിയവർക്കും ഉടമകൾക്കും വീണ്ടും വൻതുക നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകാൻ കാരണമെന്നും പരാതി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾ കൊണ്ടുവന്ന 300 പേർക്കാണ് ഇപ്പോൾ 25,000 മുതൽ 75,000 രൂപ വരെ നികുതി അടയ്ക്കാൻ ആർടിഒ കത്തു നൽകിയിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ കൊണ്ടുവന്ന് തിരൂരിൽ റജിസ്റ്റർ ചെയ്യുമ്പോൾ വില കുറച്ചുകാണിച്ച് ഉടമകൾ തട്ടിപ്പു നടത്തിയതായാണ് അധികൃതർ അറിയിച്ചത്. എന്നാൽ, പുറത്തുനിന്നു കൊണ്ടുവന്ന വാഹനങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ വില കണക്കാക്കിയ പ്രകാരമാണ് നികുതി അടച്ചതെന്ന് ഉടമകൾ പറഞ്ഞു. കൂടാതെ വഹനത്തിന്റെ മോഡലോ വിലയോ നോക്കിയല്ല വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പരാതിക്കാർ പറയുന്നു.
ഒരേ വാഹനങ്ങൾക്ക് തിരൂരിനെ അപേക്ഷിച്ച് തിരൂരങ്ങാടി, മലപ്പുറം, പെരിന്തൽമണ്ണ തുടങ്ങിയ ആർടി ഓഫിസുകളിൽ നികുതി കുറവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച് വിൽപന നടത്തിയ മുഴുവൻ കാറുകൾക്കും നികുതിയിനത്തിൽ വൻതുക വീണ്ടും അടയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന കച്ചവടക്കാർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വാഹന കച്ചവടക്കാരുടെയും ഉടമകളുടെയും പ്രതിഷേധ കൂട്ടായ്മ തിരൂരിൽ നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here