വളാഞ്ചേരി ബാലിക പീഡനം; മന്ത്രി ജലീലിന്റെ വസതിയിലേക്കുള്ള യൂത്ത് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
വളാഞ്ചേരി: ബാലിക പീഡനകേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മന്ത്രി കെ.ടി ജലീലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി വസതിയിലേക്ക് നടന്ന യൂത്ത് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പൊന്നാനി പാര്‍മെന്റ് മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് മുമ്പില്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ശേഷം പ്രവര്‍ത്തകര്‍ ജലീലിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന ഉറ്റ തോഴൻ മന്ത്രി ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് യു.ഡി.എഫ് ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ പത്ത് മണിയോടെ കാവുംപുറം സാഗര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലീനസമായ മന്ത്രിസഭയിലെ ഏറ്റവും ചീഞ്ഞ മന്ത്രിയായി ജലീല്‍ മാറിയെന്ന് ഷാജി പറഞ്ഞു.
പിണറായി മന്ത്രി സഭയിലെ ഒരോ മന്ത്രിമാരും ഓരോ തരത്തില്‍ കുപ്രസിദ്ധിയാര്ജ്ജിക്കുമ്പോള് മന്ത്രി ജലീല്‍ ബന്ധു നിയമനത്തിലൂടെയും പീഡനകേസുകളിലൂടെയുമാണ് ആ സ്ഥാനം നിലനിര്‍ത്തുന്നതെന്ന് മാര്‍ച്ചില്‍ മുഖ്യ പ്രഭാഷണം നടത്തിയ വി.ടി ബല്‍റാം എം.എല്‍എ പറഞ്ഞു. യു.ഡി.വൈ.എഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ചെയര്മാന് യാസീന്‍ പൊട്ടന്‍ചോല അധ്യക്ഷത വഹിച്ചു. യു ഡി വൈ എഫ് പാർലമെൻ്റ് മണ്ഡലം കൺവീനർ വിടി സുബൈർ തങ്ങൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.എം ഗഫൂര്‍, പി ഇഫ്തിഖാറുദ്ധീന്, ഇ.പി രാജീവ്, സിദ്ധീഖ് പന്താവൂര്‍, സി.എച്ച് അബു യൂസഫ് കുരിക്കള്‍, അഷ്റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് ഷഹനാസ് പാലക്കല്‍, അഡ്വ.പി.പി ഹമീദ്, ഇബ്രാഹീം മാസ്റ്റര്‍ എടയൂര്‍, റഊഫ് വളാഞ്ചേരി, എം അബ്ദുറഹ്മാന് കുട്ടി, സി.കെ കോയ, വി.കെ.എ ജലീല്‍, എന്‍.പി അബ്ദുല്‍ മജീദ്, ഐ.പി.എ ജലീല്‍, വി.വി.എം മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here