ഹംസഫറിനും തിരൂരിൽ സ‌്റ്റോപ്പില്ല; പ്രക്ഷോഭം കനക്കുന്നു
തിരൂർ: അന്ത്യോദയ അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂരിൽ പ്രക്ഷോഭം കനക്കുന്നതിനിടയിൽ വ്യാഴാഴ‌്ച ആരംഭിക്കുന്ന ഹംസഫർ ട്രെയിനിനും ജില്ലയിൽ സ‌്റ്റോപ്പില്ല.ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ എക്സ്പ്രസിനാണ‌് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തയ്യാറാകാതിരുന്നത‌്.
കഴിഞ്ഞ വർഷത്തെ റെയിൽവേ ടൈംടേബിളിൽ പ്രഖ്യാപിച്ച പ്രതിവാര ട്രെയിനാണിത‌്. എല്ലാ തിങ്കളാഴ്ചയും പകൽ 1.50ന‌് ഗാന്ധിധാമിൽനിന്നും പുറപ്പെട്ട് ബുധനാഴ്ച രാവിലെ 4.05ന് എറണാകുളത്തും 7.45ന് തിരുവനന്തപുരത്തും 11.30ന് തിരുനെൽവേലിയിലുമെത്തും. വ്യാഴാഴ്ചകളിൽ രാവിലെ 7.45ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച 4.40ന് ഗാന്ധിധാമിലെത്തും.
കൊങ്കൺവഴിയാണ് ട്രെയിൻ സർവീസ് നടത്തുക. അഹമ്മദബാദ്, വഡോദര, സൂറത്ത്, പനവേൽ, വസായ് റോഡ്, രത്നഗിരി, മഡ്ഗാവ്, കാർവാർ, മംഗളൂരു ജങ്ഷൻ, കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
ഹംസഫർ എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതോടെ തിരൂരിൽ നിർത്താതെയോടുന്ന ട്രെയിനുകളുടെ എണ്ണം 34 ആയി. കേരളത്തിൽ മാത്രമോടുന്ന അന്ത്യോദയ എക്സ്പ്രസിനടക്കം സ്റ്റോപ്പ് അനുവദിക്കാൻ തയ്യാറാകാത്ത റെയിൽവേ ഹംസഫർ ദീർഘദൂര ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here