മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി
ആതവനാട്: വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. 2017-ൽ തുടങ്ങിയ സമൂഹ നോമ്പുതുറയാണ് ദേവസ്വം ഇക്കുറിയും മുറതെറ്റാതെ സംഘടിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഏറെക്കാലം ജീർണാവസ്ഥയിലായിരുന്നു. ഏഴുവർഷം മുമ്പാണ് പുന്നത്തലയെന്ന ചെറിയ ഗ്രാമത്തിലെ വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃപ്രതിഷ്ഠ നടത്താനും തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവു വരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് വിശ്വാസികൾക്കൊപ്പം മുസ്‌ലിം സഹോദരങ്ങളും കൈകോർത്തു. 2017 ജൂൺ നാലിനായിരുന്നു പുനഃപ്രതിഷ്ഠ.
അന്ന് റംസാൻ വ്രതകാലവുമായിരുന്നു. കൂടെനിന്ന മുസ്‌ലിം സുഹൃത്തുക്കൾക്ക് ഇഫ്ത്താർ നൽകി തങ്ങളുടെ സാഹോദര്യവും സ്‌നേഹവും ക്ഷേത്രക്കമ്മിറ്റി തിരിച്ചുനൽകുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. സുരേഷ്ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു, സി. മായാണ്ടി, ടി. രവി, സി. ഉണ്ണികൃഷ്ണൻ നായർ, പി. മോഹനൻ, ടി. ശിവദാസൻ, പി. സജീവ്, കെ.പി. വിശ്വനാഥൻ, എം. ശ്രീജിത്ത് എന്നിവർ നേതൃത്വംനൽകി. ദേവസ്വം ബോർഡ് മലപ്പുറം ഏരിയാചെയർമാൻ ബേബിശങ്കർ, ഏരിയാ കമ്മിറ്റിയംഗം കെ.പി. പവിത്രൻ, ഡി.സി.സി. ജനറൽസെക്രട്ടറി വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here