സാമ്പത്തിക തട്ടിപ്പുകേസിൽ പി.വി. അൻവറിന് തിരിച്ചടി; പുനരന്വേഷിക്കണമെന്ന് കോടതി
മഞ്ചേരി : മംഗളൂരു ക്രഷർ തട്ടിപ്പുകേസിൽ നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിന് കോടതിയിൽനിന്നു തിരിച്ചടി. കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ട് മഞ്ചേരി സി.ജെ.എം. കോടതി തള്ളി. കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു.
തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാൻ അൻവർ ഉദ്ദേശിച്ചിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിയല്ലെന്നും ക്രഷറിന്റെ ഉടമസ്ഥാവകാശം അൻവറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
മംഗളൂരു ബൽത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് 10 ശതമാനം ഓഹരിയും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനംചെയ്ത് പരാതിക്കാരനിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
എം.എൽ.എ. പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി. വിക്രമൻ നേരത്തേ കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ എം.എൽ.എ.യെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോൾ കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
പരാതിക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപയുടെ ചെക്ക് ഡെൽമ കമ്പനിയുടെ പേരിൽ നൽകിയത് കരാറിലെ ലാഭവിഹിതമാണെന്ന വാദവും കോടതി തള്ളി. ഇതല്ലാതെ ഒരു തുകയും പരാതിക്കാരനു നൽകിയതായുള്ള ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇത് ലാഭവിഹിതമായി കണക്കാക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
എം.എൽ.എ.യെ ചോദ്യംചെയ്തതായോ മൊഴി രേഖപ്പെടുത്തിയതായോ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നില്ല. അതേസമയം പരാതിക്കാരനിൽനിന്ന് ക്രഷർ ബിസിനസിലെ പങ്കാളിത്തത്തിനായി 50 ലക്ഷം വാങ്ങിയെന്ന് അൻവർ മുൻപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കേസന്വേഷണസമയത്ത് പോലീസിനോടു സമ്മതിച്ചുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
അൻവറിന്റെ സാമ്പത്തിക തട്ടിപ്പുസംബന്ധിച്ച് 2017-ലാണ് പരാതി ഉയർന്നത്. തുടർന്ന് മഞ്ചേരി പോലീസ് അന്വേഷിച്ച് കേസിന് സിവിൽ സ്വഭാവമാണെന്നു റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരേ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. വർഷങ്ങൾ കഴിഞ്ഞിട്ടും എം.എൽ.എ.യെ ചോദ്യംചെയ്യാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് നടുത്തൊടി സലീം നൽകിയ ഹർജിയിലാണ് കേസ് മഞ്ചേരി കോടതിയുടെ മേൽനോട്ടത്തിലാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here