‘ബോൾ,ബോൾ..ഖത്തർ,ഖത്തർ’; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം
മൂർക്കനാട്: ‘ബോൾ… ബോൾ… ഖത്തർ, ഖത്തർ… ’ ഖത്തറിലെ പുൽമൈതാനങ്ങളിൽ ആവേശച്ചുവടുറപ്പിക്കാൻ മലപ്പുറത്തുനിന്നൊരു ഹിറ്റ് ഗാനം. കൊളത്തൂർ താരാക്കുഴി അബ്ദുൾ ഗഫൂർ രചിച്ച ബോൾ… ബോൾ… ഖത്തർ, ഖത്തർ… യൂട്യൂബിൽ തരംഗമായി. മൂന്ന് മിനിട്ടും 48 സെക്കൻഡുമുള്ള ഗാനം 15 ദിവസംകൊണ്ട് 2.5 ലക്ഷം പേർ കണ്ടു.
ലോകകപ്പ് തുടങ്ങാൻ ഒന്നരമാസംകൂടിയുള്ളതിനാൽ ഗാനം റെക്കോഡുകൾ ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ലോകകപ്പിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ നിറയുന്നതാണ് ഗാനത്തിന്റെ വീഡിയോ ദൃശ്യം. മെസ്സിയും നെയ്മറും റൊണാൾഡോയും ഗാനരംഗങ്ങളിലെത്തുമ്പോൾ ആവേശക്കാഴ്ചയാകും.
2018 മുതൽ ഗഫൂർ വിവിധ ഭാഷകളിൽ പാട്ടെഴുതുന്നുണ്ട്. അറബിയിലും ഇംഗ്ലീഷിലും തീർത്ത വരികൾക്ക് ചലച്ചിത്ര പിന്നണി ഗായകൻ അക്ബർ ഖാൻ ശബ്ദം നൽകി. സാദിഖ് പന്തല്ലൂരാണ് സംഗീതം നിർവഹിച്ചത്. ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് വിജയനാണ് ബോൾ ബോൾ ഖത്തർ സംവിധാനംചെയ്തത്. ഹാരിസ് കിളിനക്കോടാണ് എഡിറ്റിങ്. വിദേശി ഡാൻസറായ ജോനാ പോളണ്ടും ഗാനത്തിന്റെ ഭാഗമായി. കൊളത്തൂർ സ്റ്റേഷൻ പടിയിലെ താരാക്കുഴി സൈദാലി മുസ്ല്യാരുടെയും കദീജയുടെയും മകനായ ഗഫൂർ രണ്ടരവർഷമായി എഴുത്തിൽ സജീവമാണ്. നാഷണൽ ജോഗ്രഫിക്കുകീഴിൽ ടീച്ചേഴ്സിന് ട്രെയ്നിങ് നൽകുന്ന വേൾഡ് ലേണിങ്ങിന്റെ സർട്ടിഫൈഡ് ട്രെയ്നർകൂടിയാണ് ഗഫൂർ. മലയാള സിനിമയായ സേതു അലീനയുടെ സ്ക്രിപ്റ്റ് ഹിന്ദിയിലേക്കും അറബിയിലേക്കും വിവർത്തനംചെയ്തതും ഗഫൂർ കൊളത്തൂരാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here