എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം, ജീപ്പിൽനിന്നിറങ്ങിയ റവന്യൂസംഘം ക്വാറിയെയിലെത്തി വിശദപരിശോധന നടത്തി. സ്ഥലത്തുനിന്ന് ഒരു ജെ.സി.ബി, ലോറി, പ്രൊക്ലൈനർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥസംഘം വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ക്വാറി ഉടമ കരുതിക്കൂട്ടി വഴിയടച്ചതാണെന്നും കരിങ്കൽ ഖനനത്തിനുള്ള ഉത്തരവില്ലാതെയാണോ ഇത് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും തഹസിൽദാർ മുരളി പറഞ്ഞു. ആരെയും പിടികൂടാനായില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here