തടി കുറയ്‍ക്കാൻ ശീതളപാനീയം; കോട്ടയ്ക്കലിലെ സ്ഥാപനം നഗരസഭ അടച്ചുപൂട്ടി
കോട്ടയ്‍ക്കൽ: തടി കുറയ്‍ക്കാൻ ശീതളപാനീയം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ ടൗണിൽ പ്രവർത്തിച്ച സ്‍ഥാപനം നഗരസഭ അടച്ചുപൂട്ടി. നഗരസഭയുടെയോ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ അനുമതി കൂടാതെ ബിഎച്ച് റോഡിനും മലപ്പുറം റോഡിനും മധ്യേയായാണ് ഒരു വർഷമായി സ്‍ഥാപനം പ്രവർത്തിക്കുന്നത്. തിരൂരങ്ങാടി കപ്രാട്ട് സ്വദേശിയുടെ ഉടമസ്‍ഥതയിലുള്ള സ്‍ഥാപനത്തിൽ ഇതര സംസ്‍ഥാനക്കാരായ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രാവിലെ ഒൻപതിനും ഉച്ചയ്‍ക്കു പന്ത്രണ്ടിനും ഇടയിലാണ് ശീതളപാനീയ വിൽപന.
അതിനുശേഷം ജീവനക്കാർ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറിയിറങ്ങി പാനീയത്തിന്റെ പ്രചാരണം നടത്തുകയായിരുന്നു പതിവെന്നു പറയുന്നു. ഒരു ഗ്ലാസിന് 250 രൂപയോളം ഈടാക്കിയിരുന്നതായും ആരോപണമുണ്ട്. നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ഡിഎംഒ കെ.സക്കീനയുടെ നിർദേശപ്രകാരം ഡപ്യൂട്ടി ഡിഎംഒമാരായ അഹമ്മദ് അഫ്‍സൽ, ഡോ. ഷിബുലാൽ എന്നിവരും എസ്ഐ റിയാസ് ചാക്കീരി, നഗരസഭ ഹെൽത്ത് ഇൻസ്‍പെക്ടർ വി.ഷജിൽകുമാർ, ജെഎച്ച്ഐ ടി.ഉണ്ണിക്കൃഷ്‍ണൻ തുടങ്ങിയവരും പരിശോധന നടത്തി. തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ പി.അബ്‍ദുൽ റഷീദ് ശീതളപാനീയത്തിന്റെ സാമ്പിൾ പരിശോധനയ്‍ക്കെടുത്തു. പരിശോധനാ ഫലം ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here