ഷൊർണൂർ-നിലമ്പൂർ പാത അതിമനോഹരമെന്ന് റെയിൽവെ മന്ത്രി
മലപ്പുറം: കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിൻ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.
A look at the picturesque Nilambur-Shoranur Line in Palakkad district, the most beautiful Rail Line in Kerala that passes through the lush green woods of the Western Ghats pic.twitter.com/cLouobixaD
— Piyush Goyal (@PiyushGoyal) December 19, 2018
അടിക്കുറിപ്പ് ഇങ്ങനെ: ‘പാലക്കാട് ജില്ലയിലെ നിലമ്പൂർ – ഷൊർണൂർ പാതയുടെ മനോഹര ദൃശ്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ റെയിൽപാത പശ്ചിമഘട്ടത്തിലെ നിറപച്ചപ്പിനിടയിലൂടെ കടന്നുപോകുന്നു’ ചിത്രങ്ങൾ കണ്ട്, കാട്ടിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ധരിച്ചവരാണ് ഭൂരിഭാഗവും.
മൃഗങ്ങളുടെ സുരക്ഷയ്ക്ക് നടപടിയെടുത്തിട്ടുണ്ടോ എന്നും ആനത്താര മുറിച്ചു കടക്കുന്നുണ്ടോ എന്നും ആശങ്കപ്പെട്ടു കുറെപ്പേർ. ഈയിടെ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്ത വാർത്ത ചിലർ ചൂണ്ടിക്കാട്ടി. മലപ്പുറത്തുകാരാകട്ടെ, ‘കാട്ടുപാത’യല്ലെന്നു വിശദീകരിച്ച് കുഴങ്ങി. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള ചിലർ, അവിടെയുള്ള പാതകൾ കാണാൻ മന്ത്രിയെ ക്ഷണിച്ചു. ഇത്രയും ഹരിതാഭമായ പാതയിൽ ഡീസൽ എൻജിൻ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നൽകിയവരുമുണ്ട്.
നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന അഭ്യർഥന ഒട്ടേറെ മലയാളികൾ കമന്റായി കുറിച്ചു. പുറംകാഴ്ചകൾ കാണാൻ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണം, രാജ്യറാണി സ്വതന്ത്ര ട്രെയിൻ ആക്കണം, കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളിൽ സൗകര്യങ്ങളും വേണം എന്നീ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു. പാത മലപ്പുറം ജില്ലയിലാണെന്നു പറയുന്നതാണ് ശരിയെന്ന് മന്ത്രിയെ തിരുത്തുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here