നാറാണത്ത് ഭ്രാന്തന്റെ സ്മരണകൾ ഉണർത്തി രായിരനെല്ലൂർ മലകയറ്റം 18ന്
നടുവട്ടം: നാറാണത്ത് ഭ്രാന്തന്റെ സ്മരണകൾ ഉണർത്തി രായിരനെല്ലൂർ മലകയറ്റം വ്യാഴാഴ‌്ച. മലകയറ്റത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജില്ലയ‌്ക്ക് പുറമെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുപോലും ആയിരങ്ങൾ ഇവിടെ മല കയറാൻ എത്തും. ഭക്തർക്കായി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത‌്.
പന്തിരുകുലത്തിൽ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തൻ. പിന്നീട് നാറാണത്ത് മംഗലത്ത് എന്ന ബ്രാഹ്മണകുടുംബം വഴിയിൽനിന്ന‌് ലഭിച്ച ബാലനെ എടുത്തുവളര്‍ത്തുകയായിരുന്നു. നാറാണത്ത് മംഗലത്തെ നാരായണന്റെ ബാല്യകാലം ചെത്തല്ലൂര്‍ ഗ്രാമത്തിലായിരുന്നു. ബാല്യത്തിലെ വലതുകാലില്‍ മന്ത‌് ഉണ്ടായിരുന്നു. പിന്നീട് പത്തു വയസ്സുള്ളപ്പോഴാണ് വേദപഠനത്തിന‌് തിരുവേഗപ്പുറയിലെ അഴോപ്പറ മനയില്‍ എത്തുന്നത്. അവിടെ താമസിച്ച് വേദപഠനം നടത്തുമ്പോഴായിരുന്നു ചിത്തഭ്രമം പിടിപെടുന്നത്.
ചിത്തഭ്രമം സംഭവിച്ച നാരായണൻ പിന്നീട് എത്തപ്പെട്ടത് രായിരനെല്ലൂര്‍ മലയുടെ താഴ‌്‌വരയിലായിരുന്നു. 500 അടിയിലേറെ ഉയരമുള്ള മല. ഭ്രാന്തന് വലിയ കൗതുകം തോന്നി. ദിവസവും അയാൾ അതിരാവിലെ മുതൽ വലിയ ഉരുളന്‍കല്ല് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റും. ഏറെ നേരത്തെ പ്രയത്നത്തിനുശേഷമാകും കല്ല് മുകളിലേക്കെത്തിക്കുക. തുടർന്ന്, ബുദ്ധിമുട്ടി ഉരുട്ടിക്കയറ്റിയ കല്ല് താഴേക്കു തള്ളിവിടും. എന്നിട്ട‌് ആർത്തട്ടഹസിക്കും. ഇത് നിരന്തരം തുടർന്നു.
അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണൻ നാറാണത്ത് ഭ്രാന്തനാകുന്നത്. ദിവസവും മലയുടെ മുകളിലേക്ക‌് കല്ലുരുട്ടിക്കയറ്റിയിരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടിയിരിക്കുന്ന ദുര്‍ഗാദേവി നിരന്തരം ശ്രദ്ധിച്ചിരുന്നതായി പറയുന്നു. ഒരു തുലാംമാസം ഒന്നിന‌് കല്ലുരുട്ടിക്കയറ്റി മലമുകളിലെത്തിയ എത്തിയ ഭ്രാന്തനു മുന്നിൽ മലമുകളിലെ അരയാല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് ദർശനം നൽകി, അപ്രത്യക്ഷയായെന്നും ദേവീദർശനത്തിൽ സംതൃപ്തനായ ഭ്രാന്തൻ മലമുകളിൽനിന്നും കായ്‌കനികൾ ശേഖരിച്ച് ദേവിക്ക് പൂജ നടത്തിയതായുമാണ് ഐതിഹ്യം. ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ‌് ഇപ്പോൾ ദേവീക്ഷേത്രമുള്ളത‌്.
മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ നമുക്കാവില്ല. കാലക്രമേണ ഇവിടെ ക്ഷേത്രം പണിതു വിപുലീകരിക്കപ്പെടുകയായിരുന്നു.
രായിരനെല്ലൂർ മലകയറ്റവുമായി ബന്ധപ്പെട്ട് 18ന് രാവിലെ നാലു മുതൽ കൊപ്പം വളാഞ്ചേരി റോഡിൽ ഗതാഗതം നിയന്ത്രിക്കും. മലയില്‍ സുരക്ഷ കണക്കിലെടുത്ത് 150-ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് കൊപ്പം എസ്ഐ എം ബി രാജേഷ് അറിയിച്ചു. പ്രദേശത്ത് ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട‌്.
ഹെവി വെയ‌്റ്റ‌് വാഹനങ്ങള്‍ക്ക് കൊപ്പത്തുനിന്നും തിരുവേഗപ്പുറയില്‍നിന്നും നിയന്ത്രണമുണ്ടാകും. റോഡിന് ഇരുഭാഗത്തുമുള്ള പാര്‍ക്കിങ‌് കർശനമായി നിരോധിച്ചതായും മലയിൽ എത്തുന്നവർക്ക് പാര്‍ക്കിങ്ങിനായി സ്‌കൂള്‍ഗ്രൗണ്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
PC:Subin K Subrahmaniam
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here