യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട വെങ്ങാട് സ്വദേശിയെ കാണാതായി പരാതി
വെങ്ങാട് : യുഎഇയിൽനിന്ന് നാട്ടിലേക്ക‌് പുറപ്പെട്ട ഗൃഹനാഥനെ കാണാതായി പരാതി. വെങ്ങാട് നായർപടി മൂത്തേടത്ത് മുഹമ്മദ് അലി (63)യെയാണ് ഏപ്രിൽ ഏഴുമുതൽ കാണാതായത്. ബന്ധുക്കൾ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. 33 വർഷമായി യുഎഇയിലെ അൽ ഐനിൽ ഖമർ അൽ സലാമത്ത് എന്ന റെഡിമെയ്ഡ് ഗാർമെന്റ‌്സിൽ ജോലിചെയ്തുവരികയായിരുന്നു.
ഈ മാസം ഏഴിന് രാത്രി പതിനൊന്നരക്ക് നെടുമ്പാശേരി എയർപോർട്ടിൽ ഇറങ്ങിയതായി രേഖകളുണ്ട്. ടാക്സി ഡ്രൈവറോട് തനിക്ക് ബംഗളൂരുവിൽ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവർ ഇയാളെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചതായാണ‌് അറിയുന്നത‌്. മുഹമ്മദലിക്ക് ബംഗളൂരുവിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അവധിക്ക് നാട്ടിൽവരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടിൽ പോകുന്നതായി കൂടെ ജോലിചെയ്യുന്നവരോട് പറയുകയോ ചെയ്തിട്ടില്ല. എട്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിൽവന്നുപോയത്. ഫോണിൽ വിളിച്ച‌് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ‌് നാട്ടിലേക്ക‌് പുറപ്പെട്ട വിവരം മനസ്സിലായത‌്. പാസ‌്പോർട്ടിന്റെ പകർപ്പുമുഖേന യുഎഇ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴാണ് ദുബായ‌് എയർപോർട്ടിൽനിന്ന‌് കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാൻ കഴിഞ്ഞത്. ഇയാളെക്കുറിച്ച‌് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സിഐ എറണാകുളം (9496333988) നമ്പറിലോ 9895185240, 9744333467 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here