രക്ഷാപ്രവര്‍ത്തനത്തിന് ടോര്‍ച്ചിന്‍ വെട്ടം: വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാന്‍ ഇനിയെത്ര ജീവന്‍ പൊലിയണം?
വളാഞ്ചേരി: വെളിച്ചമില്ല; വട്ടപ്പാറ വളവില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായി. ബുധൻ രാത്രിയുണ്ടായ ലോറി അപകടത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിലാണ്. ദേശീയപാതയിൽ ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ് വട്ടപ്പാറ. പ്രധാന വളവിന്റെ ഒരുഭാഗം മുപ്പതടി താഴ്ചയുള്ള പറമ്പാണ്. നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ പാതയോരത്തെ സുരക്ഷാഭിത്തിയും തകർത്ത് എത്തുന്നത് പറമ്പിലേക്കാണ്.
രാത്രിസമയത്ത് ഇവിടെ എത്തിപ്പെടുക ദുഷ്കരമാണ്. ലോറി മറിഞ്ഞ സ്ഥലത്തേക്ക് വെളിച്ചക്കുറവുമൂലം ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും അഗ്നിശമനസേനാവിഭാഗവും എത്തിയത്. പരുക്കേറ്റവരെ ആംബുലൻസിലേക്ക് എത്തിക്കാനും നന്നേ ബുദ്ധിമുട്ടി. അപകടത്തിൽ മരിച്ച ഡ്രൈവറെ ലോറിക്കടിയിൽനിന്നു പുറത്തെടുക്കാനും ഏറെ ബുദ്ധിമുട്ടി. വളാഞ്ചേരി നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് അണഞ്ഞിട്ട് കാലം ഏറെയായി.
Read more: അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?
ഈ വിളക്ക് പ്രകാശപൂരിതമായിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയും വൈദ്യുതിവകുപ്പും തമ്മിലുള്ള അസ്വാരസ്യമാണ് വിളക്ക് തെളിയാതിരിക്കാൻ കാരണം. നിയമസഭാംഗത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലുടനീളം മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. വട്ടപ്പാറ മുഖ്യവളവിൽ ഇതുപോലെ ഒരെണ്ണം സ്ഥാപിച്ചാൽ പ്രശ്നപരിഹാരമാകുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here