കലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ; ചരിത്രത്തിലേക്ക് ചുവടുവച്ച് റിയ ഇഷ
തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി സർവകലാശാലാ കലോത്സവ മത്സരരംഗത്ത് ചുവടുവച്ച് ട്രാൻസ്‌ജെന്റർ നർത്തകി. മലപ്പുറം ഗവ. കോളേജിലെ ട്രാൻസ്‌ജെന്റർ വിദ്യാർഥിനിയായ റിയ ഇഷയാണ് കലിക്കറ്റ് സർവകലാശാലയിലെ സി- സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ ചുവടുവച്ച് ശ്രദ്ധാകേന്ദ്രമായത്. കലോത്സവ വേദി രണ്ട് നങ്ങേലിയിൽ പച്ചമലൈ പവിഴമലൈ എന്ന നാടോടി ഗാനത്തിന് ചുവടുവച്ച റിയയുടെ നൃത്തം വീക്ഷിക്കാൻ നിരവധി പേരുണ്ടായിരുന്നു.
കലിക്കറ്റ് സർവകലാശാലാ സി സോൺ മത്സരത്തിന് അപേക്ഷിക്കേണ്ട വെബ് സൈറ്റ് കോളത്തിൽ ട്രാൻസ് വിഭാഗങ്ങൾക്കായി ജെന്റർകോളം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് ഈ വിഭാഗത്തിൽ പ്രത്യേക മത്സരം നടന്നത്.
“കലോത്സവത്തിൽ മത്സരിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. കോളേജുകളിൽ നിലവിൽ ട്രാൻസ്‌ജെന്ററുകൾക്ക് സംവരണ സീറ്റ് നിലവിൽ വന്നതിനാൽ വരും വർഷങ്ങളിൽ കൂടുതൽ പേർ മത്സരരംഗത്തെത്തും. ഇതിന് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട‌്. ആണ്‍- പെണ്‍ വേര്‍തിരിവുകള്‍ക്കപ്പുറം കഴിവുകള്‍ തെളിയിക്കാനാകണം മത്സരം. കലാരംഗത്ത് മാത്രമൊതുങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കലാലയ രാഷ്ട്രീയത്തിലും യൂണിയന്‍ ഇലക്ഷനുകളിലും ട്രാന്സ്ജെന്ററുകള്ക്ക് മത്സരിക്കാന്‍ നിലവിലുള്ള പ്രായപരിധി മാനദണ്ഡമാക്കരുത്. എന്‍സിസി ഉള്‍പ്പെടെയുള്ള രംഗത്തും പ്രാതിനിധ്യം ഉറപ്പാക്കണം റിയ പറഞ്ഞു.
ട്രാൻസ്‌ജെന്റർ മത്സരാർഥിയുണ്ട് എന്ന കാരണത്താൽതന്നെ സി സോൺ നാടോടിനൃത്ത മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്‌ജെന്റർ വിദ്യാർഥിനികൂടിയാണ് റിയ. മലപ്പുറം ഗവ. കോളേജിൽ ഒന്നാംവർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിയായ റിയ പാരാലീഗൽ വളന്റിയറും സംസ്ഥാന ട്രാൻസ്‌ജെന്റർ ജസ്റ്റിസ് ബോർഡ് അംഗവുമാണ്. ബംഗളൂരുവിൽനിന്ന് ഫാഷൻ ഡിസൈനിങ്ങിലും ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസം. സുധീഷ് നിലമ്പൂരാണ് നൃത്തം പഠിപ്പിച്ചത്. മണികണ്ഠൻ ചുങ്കത്തറ മേക്കപ്പ്മാനായും ലത്തീഫ് മഞ്ചേരി കോസ്റ്റ്യൂമാനായും ഒപ്പമുണ്ടായിരുന്നു. കോളേജിലെ ടി ഹസ്ഹത്തും പിന്തുണയേകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here