ട്രോളിങ്ങ് നിരോധനം; ഇരുന്നൂറും പിന്നിട്ട് മത്തി
കൊളത്തൂർ: മലയാളികളുടെ തീൻ മേശയിൽ നിവർന്നു കിടന്നിരുന്ന മത്തിയെന്ന കുഞ്ഞു മീൻ വളർന്ന് വലുതായി വിലയുടെ കാര്യത്തിൽ തൊട്ടപ്പുറത്ത് നിന്നിരുന്ന അയലയേയും കടത്തി വെട്ടി തടിയൻ മീനുകളുടെ റാങ്കിൽ എത്തി.
ഒരലങ്കാരത്തിനെങ്കിലും ഒരു മീൻ കഷണം ചോറിനു പുറത്ത് മണമടിച്ചു കിടക്കാതെ നമ്മിൽ ചിലർക്കൊക്കൊ ഉരുള ഇറങ്ങാൻ ഇത്തിരി പ്രയാസം തന്നെ.
ട്രോളിംഗ് നിരോധനത്തിന്റെ പിറ്റേന്ന് മുതൽ മത്തിയുടെ വില ഡബിൾ സെന്ചുറിയിൽ സ്കോർ ചെയ്യുമ്പോൾ തന്നെ ചെമ്മീൻ ചാടിയിട്ടും വില മുന്നോറോളം എത്തിയിട്ടുമില്ല.200-300നും ഇടയിൽ നാടൻ ചെമ്മീൻ സുലഭമായി ലഭിക്കുന്നത് മറ്റൊരൊശ്വാസം തന്നെ.
പതിറ്റാണ്ടുകൾക്ക് മുമ്പ് തോരാ മഴക്കാലം പിറന്നാൽ പിന്നെ കുത്ത് പാളയിൽ കുഞ്ഞു മത്തിയും കുത്തരിച്ചോറുമൊക്കൊയായി രാപ്പകലുകൾ മത്തിവിഭവങ്ങൾ പച്ച പുളിയിട്ടും അല്ലാതെയുമൊക്കൊ അടുക്കളകളെ സജീവമാക്കിയിരുന്നതൊക്കൊ ചരിത്രം.ഇന്നിപ്പൊ കുബ്ബൂസിലും ചോറിലും മാറി മാറി പരീക്ഷിച്ചിരുന്ന ഗൾഫുമലയാളികളുടെ ആർഭാടങ്ങളായിരുന്ന ഒമാൻ നെയ്മത്തിയും ശ്രീലങ്കൻ മഞ്ഞ ചാളയുമൊക്കൊ കേരളക്കരയുടെ രുചി ഭേദങ്ങളിൽ നിറഞ്ഞാടുകയാണു.’പൊന്നാനി മത്തി’ എന്ന വ്യാജ പേരിൽ ആഴ്ചകളോളം ഫോർമാലിനിലും (ശവം കേടുവരാതെ സൂക്ഷിക്കുന്ന ആസിഡ്) യൂറിയ ചേർത്ത ഐസിലും മുങ്ങി ഏഴാം ബഹറും കടന്ന് കൊച്ചമ്മമാരുടെ ഉമ്മറപടിയിൽ പെട്ടി ഓട്ടോയിൽ ‘ഫ്രഷ്’ ആയി വന്നിറങ്ങുമ്പോൾ പാതി വെന്ത് മരവിച്ചിട്ടുണ്ടാവാം.ചേർക്കുന്ന അജ്ഞാത മരുന്ന് കൂട്ടുകളുടെ ദിവ്യ ശക്തികൊണ്ടാവാം ഇതൊക്കൊ കറി വെച്ചാലും പെട്ടെന്നൊന്നും അവിഞ്ഞ് പോകുന്നില്ലത്രെ!!
14000 കിലോ മീൻ അതിർത്തി ചെക്ക് പോസ്റ്റിൽ നിന്നും തിരിച്ചയച്ച വാർത്ത ക്ഴിഞ്ഞ ദിവസം നമ്മൾ കണ്ടിരുന്നു.
പ്രജനന കാലം കഴിഞ്ഞ് “മത്തി മത്ത്യേയ്..”എന്ന നീട്ടി വിളിയോടൊപ്പം മീൻ കാരൻ വരുന്നത് കാത്തിക്കയാണു മലയാള നാട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here