വെള്ളമില്ലാതെയും നൂലുണ്ടാക്കാം; പരിസ്ഥിതിസൗഹൃദ വസ്ത്രവുമായി പുലാമന്തോൾ സ്വദേശി
പുലാമന്തോൾ: വൻതോതിൽ വെള്ളം ആവശ്യമുള്ള നൂൽനിർമാണം കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കുന്ന രീതിയുമായി കാലിക്കറ്റിലെ ഗവേഷകർ. വസ്ത്രനിർമാണമേഖലയിലെ ജലത്തിന്റെ അമിതവിനിയോഗവും ജലമലിനീകരണവും ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രൊഫ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. കോട്ടൺ, പോളിസ്റ്റർ നൂൽ നിർമാണവേളയിൽ പ്രധാനമായും സൈസിങ്, ഡീസൈസിങ് എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണുള്ളത്. നെയ്യുന്ന സമയത്ത് ശക്തിപ്പെടുത്താനുള്ള രാസപദാർഥം നൂലിൽ ചേർക്കുന്നതാണ് സൈസിങ്. നെയ്തതിനുശേഷം ഇതു നീക്കംചെയ്യുന്നതാണ് ഡിസൈസിങ്.
വൻതോതിൽ ജലം ഉപയോഗിച്ചാണ് ഈ പ്രകിയകൾ നടക്കുന്നത്. എന്നാൽ വെള്ളത്തിന്റ ഉപയോഗം പാടേ ഒഴിവാക്കിക്കൊണ്ടാണ് സംഘം പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണനിലയിൽ വെള്ളത്തിൽ സ്റ്റാർച്ച് കലർത്തിയാണ് സൈസിങ് നടത്തിയിരുന്നത്. ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡിനെ ലായകമാക്കി കോട്ടൺ, പോളിസ്റ്റർ നൂൽ സൈസിങ്ങിന് ഉപയോഗിക്കുകയാണ് പുതിയ രീതി. ഈ സൈസിങ് വസ്ത്രം നെയ്യുമ്പോൾ തടസ്സമായിനിൽക്കുന്ന ചെറുനാരുകളെ നീക്കംചെയ്ത്, മിനുസപ്പെടുത്തി നിർമാണം സുഗമമാക്കും.
ജലമുപയോഗിച്ച് സൈസിങ് നടത്തുമ്പോൾ നൂൽ ഉണങ്ങാൻ വൻതോതിൽ ഊർജം ആവശ്യമായിവരുന്നുണ്ട്. എന്നാൽ ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ഉണക്കൽപ്രക്രിയ ആവശ്യമില്ലെന്ന് പ്രൊഫസർ രവീന്ദ്രൻ പറയുന്നു. ഇവിടെ കാർബൺഡൈ ഓക്സൈഡ് ദ്രവരൂപത്തിൽനിന്ന് വാതകരൂപത്തിലേക്കു മാറുമ്പോൾ സ്വാഭാവികമായി നൂൽ ഉണങ്ങുന്നു. നെയ്ത്തുകഴിഞ്ഞാൽ സൈസിങ് ഏജന്റിനെ തുണിയിൽനിന്ന് നീക്കംചെയ്തില്ലെങ്കിൽ രാസപദാർഥങ്ങളും നിറങ്ങളും ദോഷകരമാകാനിടയുണ്ട്. ഡിസൈസിങ് എന്ന ഈ പ്രക്രിയയ്ക്ക് വലിയ അളവിൽ ജലം ആവശ്യമാണ്. പുതിയരീതിയിൽ ഇതിന് സൂപ്പർ ക്രിട്ടിക്കൽ കാർബൺഡൈ ഓക്സൈഡാണ് ഉപയോഗിക്കുന്നത്.
ഇതോടെ നൂൽ സ്വാഭാവികമായി ഉണങ്ങി സൈസിങ് ഏജൻറ് നൂലിന് അടിവശത്തടിയും. കാലിക്കറ്റ് സർവകലാശാലാ രസതന്ത്രവിഭാഗം മേധാവിയും പുലാമന്തോൾ സ്വദേശിയുമായ പ്രൊഫ. രവീന്ദ്രനൊപ്പം അനു ആന്റണി, അനില രാജൻ, ജ്യോതി രാമചന്ദ്രൻ, ഡോ. രശ്‌മി എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്. ഇവരുടെ പഠന റിപ്പോർട്ട് അമേരിക്കൻ ‘എ.സി.എസ്. സസ്റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനീയറിങ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷണം വിജയമായതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള സംവിധാനം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ഇന്ത്യക്കകത്തും വിദേശത്തുമുള്ള വൻകിട കമ്പനികൾ ഇതിനോടകംതന്നെ സഹകരണം തേടിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here