ആതവനാട് പരിതിയിൽ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു
ആതവനാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനസമിതിക്കു കീഴിൽ ആതവനാട് പരിതിയിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു. അക്കാദമിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തയ്യിൽ സെയ്തലവി ഹാജി സംഭാവനചെയ്ത സ്ഥലത്താണ് ഇരുനിലക്കെട്ടിടം ഉൾപ്പെടെയുള്ള അക്കാദമി പ്രവർത്തിക്കുന്നത്.
എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള അഞ്ചുവർഷത്തെ മത, ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി. ഉന്നതവിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന സ്ഥാപനം ഭാഷാപഠനം, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, മത്സരപ്പരീക്ഷാ പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നൽകും.
അടുത്ത അധ്യയനവർഷം ക്ലാസുകൾ തുടങ്ങും. കുട്ടികളിൽനിന്ന് പ്രവേശനഫോം സ്വീകരിച്ച് പ്രവേശനോദ്ഘാടനവും ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി സത്താർ പന്തല്ലൂർ ആമുഖപ്രഭാഷണം നടത്തി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, തയ്യിൽ സെയ്തലവി ഹാജി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാപഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here