കൊളത്തൂരിൽ ഇർശാദിയ്യഃ സിൽവർ ജൂബിലി സമ്മേളനം തുടങ്ങി
കൊളത്തൂർ: മർക്കസുത്തസ്‍കിയത്തിൽ ഇർശാദിയ്യയുടെ
നാലു ദിവസത്തെ സിൽവർ ജൂബിലി സമ്മളനത്തിന് കൊളത്തൂരിൽ പ്രാർഥനാ നിർഭരമായ തുടക്കം. പുത്തനങ്ങാടി, മൂന്നാക്കൽ, പാങ്ങ്, കുരുവമ്പലം എന്നിവിടങ്ങളിൽനിന്നുള്ള പതാകജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് ഹബീബ് കോയ തങ്ങളുടെയും കെ.എസ്.ഉണ്ണിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ 25 പതാകകൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ഹബീബ് കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. മാലപ്പാട്ട് സെമിനാർ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‍തു. ഹൈദ്രോസ് കോയ തങ്ങൾ പനമ്പുഴക്കൽ ആധ്യക്ഷ്യം വഹിച്ചു. ഫൈസൽ എളേറ്റിൽ, ഒ.എം.തരുവണ, എസ്.ശറഫുദ്ദീൻ, പി.ഹൈദ്രസ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്‍ദൽ മുത്തനൂർ, ഇബ്രാഹിം ടി.എൻ. പുരം, ശിഹാബുദ്ദീൻ അംജദി പാങ്ങ് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എഫ് സംസ്ഥാന–ജില്ലാ സാഹിത്യോത്സവ പ്രതിഭകൾ ഒരുക്കിയ മാപ്പിളരാവ് ശ്രദ്ധേയമായി. രാവിലെ നടന്ന മൗലീദ് പാരായണത്തിന് കെ.എസ്.ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം നേതൃത്വം നൽകി. കുട്ടികളുടെ സമ്മേളനം ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്‍തു.
ഇന്നു വൈകിട്ട് നാലിനു മീലാദ്റാലി ഓണപ്പുടയിൽ ആരംഭിച്ച് കൊളത്തൂരിൽ സമാപിക്കും. വൈകിട്ട് 6.30നു സിൽവർ ജൂബിലി സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 25 പ്രമുഖ വ്യക്തികളെ ആദരിക്കും. രാത്രി മഹ്‌ളറത്തുൽ ബദ്‍രിയ ആത്മീയ മജ്‍ലിസ് നടക്കും. സമ്മേളനം പത്തിനു വൈകിട്ടു സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here