തിരുനാവായ-തവനൂർ പാലം: ഭാരതപ്പുഴയിൽ മണ്ണുപരിശോധന തുടങ്ങി
തവനൂർ: നിർദിഷ്ട തവനൂർ-തിരുനാവായ പാലം നിർമാണത്തിനു മുന്നോടിയായുള്ള മണ്ണുപരിശോധന ആരംഭിച്ചു. ഭാരതപ്പുഴയിൽ തിരുനാവായ ഭാഗത്താണ് പരിശോധന നടക്കുന്നത്. ഭാരതപ്പുഴയ്ക്കുകുറുകെ തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിച്ചുള്ള പാലത്തിന്റെ നിർമാണം 48.88 കോടി രൂപയ്ക്ക് ഊരാളുങ്ങൽ ലേബർ കോൺട്രാക്ട് കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. കരാർ ഒപ്പുവെച്ചാൽ നിർമാണജോലികൾ ആരംഭിക്കും.
വേനലായതോടെ പുഴയിലെ ഭൂരിഭാഗം പ്രദേശത്തും വെള്ളം പൂർണമായി വറ്റിയിട്ടുണ്ട്. മഴക്കാലമാകുന്നതിനുമുൻപേ കഴിയുന്നത്ര പണികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്തമാസംതന്നെ നിർമാണം ആരംഭിക്കും. 630 ദിവസത്തിനിടയിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നത്. സമീപനറോഡുൾപ്പെടെ 1180 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് നിർമാണം. 380 മീറ്ററാണ് സമീപനറോഡിന്റെ നീളം. പാലത്തിൽ രണ്ടുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. കുറ്റിപ്പുറത്തിനും ചമ്രവട്ടത്തിനുമിടയിൽ ഭാരതപ്പുഴയ്ക്കുകുറുകെ നിർമിക്കുന്ന മൂന്നാമത്തെ പാലമാണ് തവനൂർ-തിരുനാവായ പാലം. 2009 ജൂലായ് 14-നാണ് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. 2021-ലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.
പുത്തനത്താണിയിൽനിന്ന് തിരുനാവായ വഴിയെത്തുന്ന വാഹനങ്ങൾക്ക് പാലം കയറി തവനൂരിലെത്തിയാൽ പൊന്നാനി ദേശീയപാത വഴി യാത്രചെയ്യാനാകും. കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയും. തീർഥാടന ടൂറിസം രംഗത്തും കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും.
Share on
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here