HomeNewsArticlesരണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ

രണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ

randathani-evening

രണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ

കോട്ടക്കൽ: ദിനംപ്രതി വേഗതയേറിക്കൊണ്ടിരിക്കുന്ന പുതു ലോകം ഏറെ യാന്ത്രികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിനവും സമയത്താൽ ചുറ്റപ്പെട്ടു നീങ്ങുന്ന മനുഷ്യ ജീവിതങ്ങൾ. സമയം ഭരിക്കുന്ന പുതു ലോകത്ത് വിനോദം പോലും കച്ചവടവൽക്കരിക്കപ്പെട്ടു. മാനസികോല്ലാസത്തിനുപോലും സമയമില്ലാത്ത പുതുമനുഷ്യൻ സമ്മർദ്ദങ്ങളും രോഗങ്ങളും പേറി നടന്നു നീങ്ങുന്നു. പരസ്പരം ഒന്നു മിണ്ടാൻ പോലും നേരമില്ലാത്ത മനുഷ്യർ ‘തിരക്കിലാണ്’ എന്ന ആഢംബരത്തെ അണിഞ്ഞകലുന്നു.
randathani-evening
കോട്ടക്കൽ രണ്ടത്താണി അങ്ങാടിയിലെ വൈകുന്നേരകാഴ്ചകൾ ഇവയ്ക്കെല്ലാം ചില പൊളിച്ചെഴുത്തുകളാണ് പകർന്നുനൽകുന്നത്. അങ്ങാടികളിലും കടകളിലും പാടത്തും നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും പങ്കുവച്ച് കടന്നു പോയ ആ നല്ല കാലത്തിന്റെ ചില ഓർമ്മപ്പെടുത്തലുകളാണ് രണ്ടത്താണി കെ.എം.എസ് മരമില്ലിനു മുൻവശത്ത് വൈകുന്നേരം ആസ്വദിക്കുന്ന മറുനാടൻ തൊഴിലാളികൾ നൽകുന്നത്.
randathani-evening
ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും വിവിധ പണികൾക്കായി രണ്ടത്താണിയിലെത്തിയവരാണ് ജോലിയ്ക്ക് ശേഷമുള്ള വൈകുന്നേരം ഈർച്ചമില്ലിനു മുൻവശം കൂട്ടിയിട്ട മരത്തടികളിൽ ഒത്തുചേർന്നിരുന്ന് വിശ്രമവേളകളെ ആനന്ദമാക്കുന്നത്. പത്തെഴുപതോളം ആളുകൾ മരത്തടികളിൽ നിരന്നിരിക്കുന്ന രണ്ടത്താണിയുടെ വൈകുന്നേര കാഴച ഗൃഹാതുരമായ ചില ഓർമ്മകളാണ് സമ്മാനിക്കുന്നത്. മറുനാടൻ തൊഴിലാളികൾക്കൊപ്പം നാട്ടുകാരുടെയും വൈകുന്നേര ഇരിപ്പിടവും പരന്നു കിടക്കുന്ന ഈ മരത്തടികൾ തന്നെ.
randathani-evening
കെട്ടിടനിർമ്മാണപണികൾക്കായും മറ്റും എത്തിയ ഈ മറുനാടൻ തൊഴിലാളികളുടെ ഒഴിവുവേളയിലെ വെറുമൊരു ഇരിപ്പിടങ്ങൾ മാത്രമല്ല ഈയിടം. കൂട്ടത്തിൽ ആർക്കെങ്കിലും സാമ്പത്തികമായോ മറ്റോ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ കൂടെയുള്ളവരിൽ നിന്നും പണം സ്വരൂപിക്കുന്നതും പല വിഷയങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതും ഇവിടെ വച്ചുതന്നെ. കൂട്ടത്തിലെ പലരും കുടുംബാംഗങ്ങളാണ്. മിക്കവരും കോൺട്രാക്ടറുടെ കീഴിലാണ് പണിയെടുക്കുന്നത്.
randathani-evening
ജോലി കാര്യങ്ങൾ തിരക്കിയും നാട്ടിലെ യും കുടുംബത്തിലെയും വിശേഷങ്ങളറിയാനും പ്രണയിനിയുമായി ഫോണിൽ സല്ലപിക്കാനുമൊക്കെയായി ഒത്തുചേർന്നുള്ള മരത്തടികളിലെ ഈ ഇരുത്തം കാഴ്ചക്കാർക്ക് പോയകാലത്തിന്റെ ചില നിറമുള്ള ഓർമ്മകളാണ് നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!