സോപാനം വാദ്യോല്‍സവം മിനി പമ്പയിൽ സമാപിച്ചു
കുറ്റിപ്പുറം : മോഹിനിയാട്ടവും സോപാന സംഗീതവും സമന്വയിപ്പിച്ച് ഭക്തിയുടേയും ലാസ്യത്തിന്റെ മാസ്മരിക ലോകത്തേക്ക് ആസ്വാദകരെ ആനയിച്ച മണിമേഖലയുടെ നവദുർഗാവിഷ്‌കാരത്തോടെ മൂന്നു ദിവസമായി മിനി പമ്പയിലെ ടി.കെ.പത്മിനി സ്മാരക വേദിയില്‍ നടന്ന സോപാനം വാദ്യോത്സവത്തിന് പരിസമാപ്തി. ഏലൂർ ബിജുവിന്റെ സോപാന സംഗീതത്തിനൊപ്പം മണിമേഖലയുടെ ലാസ്യഭാവാവിഷ്‌കാരത്തിന് ധർമതീർത്ഥൻ വീണ വായിച്ചു. മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ നേതൃത്വം നൽകിയ ഇരട്ട കേളിയോടെയാണ് സമാപന ദിവസം നിളാതീരത്തെ ടി.കെ.പത്മിനി മണ്ഡപമുണർന്നത്. കോട്ടക്കൽ രവി, കല്ലൂർ സന്തോഷും മദ്ദളവുമായി ഇരട്ട കേളിക്ക് മാധുര്യമേകി. പാലക്കാട് മുഹമ്മദ് ഹുസൈൻ ഉസ്താദും സംഘവും അവതരിപ്പിച്ച ബദ്രിയ മുട്ടുംവിളിയും ആവിഷ്‌കരിച്ച് ചീനിമുട്ട് വേദിയിൽ മതസൗഹാർദ്ദത്തിന്റെ ശംഖൊലിയുണർത്തി. സമാപന സമ്മേളനം ഡോ. കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷനായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ.മോഹൻ കുന്നുമ്മൽ, ടി.വി ശിവദാസ്, കരിയന്നൂർ നാരായണൻ നമ്പൂതിരി, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, മനോജ് എബ്രാന്തിരി, രവി തേലത്ത്, അത്മജൻ പള്ളിപ്പാട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, സന്തോഷ് ആലങ്കോട്, തിരുമംഗലം കൃഷ്ണൻ നായർ, പ്രകാശ് മഞ്ഞപ്ര, ടി.പി മോഹൻ, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here