സ്റ്റോപ് അനുവദിക്കുന്നതിൽ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ റെയിൽവേ ഡിവിഷനൽ ജനറൽ മാനേജർ ഇന്ന് തിരൂരിൽ
മലപ്പുറം: സ്റ്റോപ്പ് അനുവദിക്കുന്നതിൽ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഡിവിഷനൽ ജനറൽ മാനേജർ തിരൂരിലെത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സതേൺ റെയിൽവേ ഡിവിഷനൽ മാനേജർ കുലശ്രേഷ്ഠയും സംഘവും സ്റ്റേഷൻ സന്ദർശിക്കുന്നത്. തെക്കോട്ടും വടക്കോട്ടുമായി 32 വണ്ടികൾ ഇപ്പോൾ തിരൂരിൽ നിർത്താതെ കടന്നുപോകുന്നുണ്ട്. പുതുതായി ആരംഭിക്കാനിരിക്കുന്ന ശതാബ്ദി എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവക്കും തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടില്ല. ഇവ കൂടിയാകുന്നതോടെ ജില്ലയിൽ നിർത്താത്ത ട്രെയിനുകളുടെ എണ്ണം 36 ആകും. ഇതിനെതിരെ യാത്രക്കാരുടെ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. മറ്റ് എല്ലാ ജില്ലകളിലും ഒന്നും രണ്ടും സ്റ്റോപ്പുകളുള്ള ട്രെയിനുകൾക്ക് പോലും ജില്ലയിൽ സ്റ്റോപ്പില്ലാത്തത് കഴിഞ്ഞയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ജനറൽ മാനേജരുടെ മുന്നിൽ തിരൂരുകാർ ഇക്കാര്യം ഉന്നയിക്കും. റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും പരാതികളുണ്ട്. റെയിൽവേ സ്റ്റേഷൻ നവീകരണം ഇഴയുകയാണ്. നേരത്തെയുള്ള കെട്ടിടം പുതുക്കിപ്പണിയുന്ന പ്രവൃത്തി രണ്ട് വർഷത്തിലേറെയായിട്ടും പൂർത്തിയായിട്ടില്ല. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിന്നു തിരിയാൻ പോലും ഇടമില്ല. ട്രെയിനുകളുടെ യാത്ര സമയവിവര പട്ടിക ഉൾെപ്പടെ ഇപ്പോൾ സ്റ്റേഷനിലില്ല. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ലായ്മ, ഇരിപ്പിടങ്ങളുടെ കുറവ് തുടങ്ങിയവയുമുണ്ട്. കിഴക്ക് ഭാഗത്ത് പുതിയ കെട്ടിടം നിർമിച്ച് സൗകര്യമേർപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി കടലാസിലാണ്. ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് സ്റ്റേഷന് മധ്യത്തിൽ നടപ്പാലം വേണമെന്ന ആവശ്യവും യാഥാർഥ്യമായിട്ടില്ല. ജനറൽ മാനേജരുടെ സന്ദർശനം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട മോടികൂട്ടൽ, അറ്കെുറ്റപ്പണികളിലായിരുന്നു സ്റ്റേഷൻ അധികൃതർ. കത്താത്ത വിളക്കുകൾ തെളിയിച്ചും ബോർഡുകളും മറ്റും പുതുക്കിയുമായിരുന്നു മോടി കൂട്ടൽ. പ്ലാറ്റ്ഫോമിലെ സുരക്ഷ ലൈൻ മാഞ്ഞുപോയിരുന്നത് ചൊവ്വാഴ്ചയാണ് പുതുക്കിയത്. അര മണിക്കൂറോളം ജനറൽ മാനേജരും വിവിധ വകുപ്പ് മേധാവികളുമടങ്ങുന്ന സംഘം തിരൂരിലുണ്ടാവും. നാട്ടുകാരിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here