ഓൺലൈൻ വായ്പാ തട്ടിപ്പ് ; പ്രത്യേകസംഘം അന്വേഷിക്കും
മലപ്പുറം: ജില്ലയിലെ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം അന്വേഷിക്കും. കേസ് വിവരങ്ങൾ ജില്ലാ സൈബർ സെൽ വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഡി.ജി.പി നിർദ്ദേശമേകിയിട്ടുണ്ട്. അന്തർസംസ്ഥാന സംഘങ്ങളടക്കം വായ്പാ തട്ടിപ്പുകളിൽ കണ്ണികളായുണ്ട്. ജില്ലയിൽ അടുത്തിടെ മൂന്ന് കേസുകളും രണ്ടുമാസത്തിനിടെ പത്തു കേസുകളുമാണ് ജില്ലാ സൈബർ സെല്ലിൽ ലഭിച്ചത്. കാൻസർ ബാധിതയും നിർധനയുമായ എടവണ്ണ സ്വദേശിനി നാല് ഓൺലൈൻ ആപ്പുകളിൽ നിന്നായി 10,000 രൂപ വായ്പയെടുത്തപ്പോൾ രണ്ടുമാസം കൊണ്ട് തിരിച്ചടച്ചത് 1.40 ലക്ഷം രൂപയാണ്. നാട്ടുകാർ പിരിവെടുത്ത് നൽകിയ ചികിത്സാ സഹായമടക്കം തിരിച്ചടവിന് ഉപയോഗിച്ചിട്ടും കടം തീർന്നില്ല. ആപ്പ് എക്സിക്യൂട്ടീവിന്റെ നിരന്തര ഭീഷണിയും സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിയും ആയതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ, വേങ്ങര സ്വദേശികളും സമാനമായ അനുഭവങ്ങളോടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here