പറപ്പൂർ സഹകരണബാങ്ക് സാമ്പത്തികത്തട്ടിപ്പ്; പ്രതി അറസ്റ്റിൽ
പറപ്പൂർ: വീണാലുക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പറപ്പൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് സ്ഥാപനത്തിലെ ജോലിക്കാരനായ മൂച്ചിക്കാടൻ ജബ്ബാറി(32)നെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മുഹമ്മദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഫെബ്രുവരി 28-ന്, ബാങ്കിൽ സ്വർണം പണയംവെച്ച ഒരിടപാടുകാരൻ പണയസാധനം തിരിച്ചെടുക്കാൻ ചെന്നപ്പോൾ കാണാത്തതിനെത്തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്താവുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ബാങ്കിൽനിന്ന് അഞ്ച് കിലോഗ്രാം സ്വർണവും വ്യാജ ബോണ്ട് ഉണ്ടാക്കുകവഴി 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇതുകൂടാതെ സ്ഥിരംനിക്ഷേപത്തിൽ ഏഴ് ലക്ഷം രൂപയുടെ കുറവും കണ്ടു. തിങ്കളാഴ്ച ബാങ്കിലും ചൊവ്വാഴ്ച ജബ്ബാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് വ്യാജ ബോണ്ടുകളും രേഖകളും പോലീസ് കണ്ടെടുത്തു. മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, വേങ്ങര എസ്.ഐ. കെ.ഒ. പ്രദീപ്, സി.പി.ഒമാരായ ഷിജു, സത്യപ്രസാദ്, അനീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here