യൂണിമണി കോട്ടയ്ക്കൽ ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയ്ക്കൽ: വിശ്വംഭര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ പൗരാവലി നടത്തുന്ന യൂണിമണി കോട്ടയ്ക്കൽ ഫെസ്റ്റ് ശനിയാഴ്ച മുതൽ ഏപ്രിൽ ഒൻപതു വരെ പുത്തൂർ മൈതാനിയിൽ നടക്കും. ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ അച്ചു ഉള്ളാട്ടിൽ, ജനറൽ കൺവീനർ യു.എ. നസീർ, ട്രഷറർ ഉസ്മാൻകുട്ടി എന്നിവർ അറിയിച്ചു.
വൈകീട്ട് ആറിന് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പുത്തൂർ ബൈപ്പാസിന് സമീപമുള്ള ഫെസ്റ്റ് നഗറിൽ നടക്കും. ഏഴുമണിക്ക് നിർമ്മൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.
ഞായറാഴ്ച വൈകീട്ട് ഏഴിന് ഡി.ജെ. നൈറ്റ്, ഏപ്രിൽ ഒന്നിന് ചലച്ചിത്ര താരങ്ങളായ ലക്ഷ്മി പ്രിയ, സ്വാസിക, പൊന്നമ്മ ബാബു തുടങ്ങിയവർ നയിക്കുന്ന മെഗാഷോ, രണ്ടിന് ആട്ടക്കളം നാടൻപാട്ട് സന്ധ്യ, മൂന്നിന് ഗസൽ രാവ്, നാലിന് മെഗാഷോയിൽ റിമി ടോമി, ഷംന കാസിം, നജീം അർഷാദ് തുടങ്ങിയവർ അണിനിരക്കും.
അഞ്ചിന് സ്റ്റാർ നൈറ്റ്, ആറിന് പ്രവാസി സംഗമം, പിന്നണി ഗായകരായ അഫ്‌സൽ, അഖില ആനന്ദ് എന്നിവർ നയിക്കുന്ന സംഗീത രാവ്. ഏഴിന് കോട്ടയ്ക്കൽ സാംസ്കാരികോത്സവം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനംചെയ്യും. എട്ടിന് കൊല്ലം ഷാഫിയും രഹ്നയും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് സന്ധ്യ. സമാപന ദിവസം ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ നടക്കും. ഫെസ്റ്റിൽ ഓട്ടോ എക്‌സ്പോ, ഫുഡ് എക്‌സ്പോ, അമ്യൂസ്‌മെന്റ് റൈഡ്‌സ്, ഇന്ത്യയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകൾ, റോബോട്ടിക് ആനിമൽ ഷോ തുടങ്ങി വൈവിധ്യങ്ങളായ ഇനങ്ങളുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here