പാരലൽ കോളേജ് തുടങ്ങാനൊരുങ്ങി കുടുംബശ്രീ; തുടക്കം മലപ്പുറത്ത്
കോട്ടയ്ക്കൽ: എല്ലാ മേഖലകളിലേക്കും കടന്നുവന്ന ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ ഇനി മുതൽ അധ്യാപകവേഷവുമണിയും. പാരലൽ കോളേജ് എന്ന പുതിയ ആശയവുമായാണ് കുടുംബശ്രീയെത്തുന്നത്. ഈ വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അടുത്ത അധ്യയനവർഷത്തിൽത്തന്നെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ മേഖലകളിലേക്കുകൂടി കുടുംബശ്രീയുടെ പങ്കാളിത്തം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് ഒരുങ്ങുന്നത്.
അയൽക്കൂട്ടങ്ങൾക്കോ അയൽകൂട്ട കുടുംബാംഗങ്ങൾക്കോ സംരംഭം തുടങ്ങാം. അഭ്യസ്തവിദ്യാരായ കുടുംബശ്രീ അംഗങ്ങളുടെ സേവനം ഇതിലൂടെ ലഭ്യമാക്കാനാവും. ഇതിനു പുറമെ ഗസ്റ്റ് അധ്യാപകരേയും ഉൾപ്പെടുത്തിയാവും ക്ലാസുകൾ നൽകുക. ഓരോ യൂണിറ്റിന്റെയും ചുമതല അഞ്ചുപേർ വീതമുള്ള ഗ്രൂപ്പിനു നൽകും. ബിരുദാനന്തര ബിരുദംവരെയുള്ളവർ കുടുംബശ്രീയിൽ അംഗങ്ങളായുള്ളതിനാൽ ഡിഗ്രിതലം വരെയുള്ളവർക്ക് ക്ലാസ് നൽകാനാവും.
മലപ്പുറം ജില്ലയിൽ പല ഭാഗത്തും ഇത്തരം പാരലൽ കോളേജുകൾ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലാണ് സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാരലൽ കോളേജ് തുടങ്ങാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. പരമ്പരാഗത തൊഴിൽരീതികളിൽ നിന്നുമാറി അഭ്യസ്തവിദ്യരായവരെ കൂടി പുതിയ സംരംഭങ്ങളിലേക്ക് കൊണ്ടുവരാൻ ഇത്തരം പദ്ധതികളിലൂടെ ആവുമെന്നാണ് കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here