മൂത്രത്തിൽ നിന്നും വൈദ്യുതി; സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വിജയം കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി നയിച്ച വിദ്യാർത്ഥി സംഘം
വളാഞ്ചേരി: പഞ്ചാബിലെ ജലന്ധർ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ (ഹാർഡ്‌വെയർ)-2023 ഗ്രാൻഡ് ഫിനാലെയിൽ വിജയികളായി പെരിന്തൽമണ്ണ അൽ ഷിഫ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥി കൂട്ടം. മൂത്രത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുകയും ഇതുവഴി പൊതു ശൗചാലയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സുസ്ഥിര പരിഹാര മാർഗം ഒരുക്കുന്ന രീതിയുടെ മാതൃക അവതരിപ്പിച്ചതിനാണ് നേട്ടത്തിനർഹരാക്കിയത്. കോളേജിലെ ഏഴാം സെമസ്റ്റർ ബി-ഫാം വിദ്യാർത്ഥികളായ യു.കെ ഷമീമ, വിനയ, മുർഷിദ്, ഷമീർ, അജ്മല, ജാസിം എന്നിർ ചേർന്നാണ് നേട്ടം കൈവരിച്ചത്.
പൊതുശൗചാലയങ്ങൾ ആളുകൾ ഉപയോഗപ്പെടുത്തുന്ന സമയത്ത് ശേഖരിക്കപ്പെടുന്ന മൂത്രത്തെ വൈദ്യുതിയാക്കി മാറ്റി, ഇതുപയോഗിച്ച് തെരുവ് വിളക്കുകളും മറ്റും പ്രകാശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവർ അവതരിപ്പിച്ചത്. കോളേജിലെ അധ്യാപകരായ ഡോ സനൽ ദേവ്, സുജിത് ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇവർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടത്തി ഹാക്കത്തോണിൽ അവതരിപ്പിച്ചത്.
ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില സമ്മർദ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വേദി വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നതിനും അതുവഴി ഉൽപ്പന്ന നവീകരണത്തിൻ്റെ സംസ്‌കാരവും പ്രശ്‌നപരിഹാരത്തിൻ്റെ മാനസികാവസ്ഥയും വളർത്തിയെടുക്കുന്നതിനുള്ള ഒരു രാജ്യവ്യാപക സംരംഭമാണ് സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ഹാക്കത്തോണിൽ മിഷൻ ഇമ്പോസിബിൾ എന്ന് പേരിട്ട കൂട്ടായ്മയെ നയിച്ചത് വളാഞ്ചേരി സ്വദേശിനിയായ ഷമീയായിരുന്നു.
ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലറും എ.ഐ.സി.ടി.ഇ നോഡൽ ഓഫീസറുമായ അഭിഷേക് രഞ്ചനിൽ നിന്ന് വിജയികൾക്കുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഇവർ ഏറ്റുവാങ്ങി. വളാഞ്ചേരി കാട്ടിപ്പരുത്തി ദ്വീപ് റോഡിൽ താമസിക്കുന്ന അയൂബ്-സാജിദ ദമ്പതികളുടെ മകളാണ് ഷമീമ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here