കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും
എടയൂര്‍: പുറമ്പോക്കില്‍ ഒറ്റമുറിച്ചായ്പില്‍ ഉമ്മയും ഉപ്പയും അഞ്ച് മക്കളും അന്തിയുറങ്ങുന്നതിന് ഇനി താമസിയാതെ അറുതിയാകും. കഷ്ടപ്പാടിന്റെ നടുവില്‍ക്കഴിയുന്ന സഹപാഠികളുടെ ദുരിതം നേരില്‍ക്കണ്ടതോടെ കൂട്ടുകാരായ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹവും കൈകോര്‍ത്തതാണ് കൊച്ചുവീടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇവരെ നയിക്കുന്നത്.
എടയൂര്‍ മണ്ണത്തുപറമ്പിലെ പുറമ്പോക്കുഭൂമിയിലാണ് ഒന്പതുവര്ഷം മുന്‍പ് തിരൂരില്‍നിന്നും ജോലിയന്വേഷിച്ചുവന്ന പുളിക്കല്‍ ഖാദറും ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിയെടുത്താണ് ഉപ്പയും ഉമ്മയും മക്കളെ പോറ്റുന്നത്. മൂത്ത രണ്ട് കുട്ടികള്‍ തൊട്ടടുത്ത സ്കൂളില്‍ എട്ട്, ഒന്‍പത് ക്ലാസ് വിദ്യാര്‍ഥികളാണ്. മൂന്നുപേര്‍ എടയൂര്‍ കെ.എം.യു.പി.സ്കൂള്‍ വിദ്യാര്‍ഥികളുമാണ്.
ഒരുദിവസം സ്കൂളില്‍ തലചുറ്റിവീണ ഒരു കുട്ടിയെ എടയൂര്‍ സ്കൂളിലെ അധ്യാപകനായ സുധീര്‍ വീട്ടിലെത്തിച്ച് മടങ്ങിവരുന്നതിനിടയിലാണ് ഈ കുട്ടികളെ യാദൃച്ഛികമായി കാണാനിടയായത്. വീട് എവിടെയെന്നന്വേഷിച്ചപ്പോഴാണ് ഈ കുട്ടികളുടെ ദയനീയാവസ്ഥ അറിയുന്നത്.
കൂട്ടുകാരായ വിദ്യാര്‍ഥികള്‍ സ്വന്തംനിലയില്‍ ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്. അധ്യാപകരും നല്ലൊരുവിഹിതം സ്വരൂപിച്ചെടുത്തു. കൂടാതെ സുമനസ്സുകളായ നാട്ടുകാരും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ രണ്ടുലക്ഷം രൂപയാണ് ശേഖരിച്ചത്. തിങ്കളാഴ്ച നടന്ന അധ്യാപകദിനാഘോഷച്ചടങ്ങില്‍ ഈ തുകയുടെ ചെക്ക് എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഖാദറിന് കൈമാറി. നാല്പതിനായിരം രൂപകൂടിച്ചേര്‍ത്ത് നാലുസെന്റ് സ്ഥലം ഖാദറിനും കുടുംബത്തിനുംവേണ്ടി അടുത്തദിവസംതന്നെ വാങ്ങിനല്‍കും. സ്വന്തമായി സ്ഥലമില്ലാത്തതിനാലാണ് ഇവര്‍ക്ക് വീടിനുള്ള ധനസഹായം നല്കാന് കഴിയാത്തത്. സ്വന്തമായി സ്ഥലം ലഭിക്കുന്നതാടെ വീടിനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പ്രസിഡന്റ് രാജീവ് ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രഥമാധ്യാപകന് ഇ. മുകുന്ദന്, പി. ഷെരീഫ്, എം. അജ്സല്‍, അശ്വതി എം.പി, ഷാജിമോന്‍, കെ.ടി. അനിത, വി.ആര്. രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. മണികണ്ഠന് അധ്യക്ഷതവഹിച്ചു.
Summary: The students and the teachers of the KMUP school joint hands to help a poor family to provide shelter.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here