കുറ്റിപ്പുറം എം.ഇ.എസിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; 10 പേർക്ക് പരിക്ക്
കുറ്റിപ്പുറം: തൃക്കണാപുരത്തെ എം.ഇ.എസ്. എൻജി. കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശി മുഹമ്മദ് ഷഹിൻഷാ (21), തിരൂരങ്ങാടി സ്വദേശി ലാസിം മുഹമ്മദ് (21) എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലെ വിദ്യാർഥികൾ മറ്റുവിഭാഗത്തിലെ വിദ്യാർഥികളുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച രാവിലെമുതൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രിൻസിപ്പൽ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ക്ലാസ് തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ അറിയിച്ചതനുസരിച്ച് പോലീസ് പിൻവാങ്ങി. ഇതോടെയാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇരുമ്പുവടി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലയ്ക്കാണ് പലർക്കും പരിക്കേറ്റിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. വിദ്യാർഥി സംഘർഷത്തെത്തുടർന്ന് മെക്കാനിക്കൽ വിഭാഗത്തിലെ സീനിയർ വിദ്യാർഥികളുടെ ക്ലാസുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here