പെട്രോൾ ബൈക്കുകൾ ചുരുങ്ങിയ ചെലവിൽ ഇലക്ട്രിക് ബൈക്കാക്കി മാറ്റാം; നൂതന ആശയവുമായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ
കുറ്റിപ്പുറം : 15,000 രൂപ മതി. പെട്രോൾ ബൈക്കുകൾ ചുരുങ്ങിയ ചെലവിൽ ഇലക്ട്രിക് ബൈക്കാക്കി മാറ്റാം. ലക്ഷങ്ങൾ പൊടിക്കേണ്ടതില്ല. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർത്ഥികളായ ആദിൽ അലി, സി.പി. ആദിൽ, അഥിൻ ഗോപുജ്, കെ. എം. അഫ്സൽ മുഹമ്മദ് എന്നിവരാണ് പുതിയ ആശയത്തിന് പിന്നിൽ. വരാനിരിക്കുന്ന ഇലക്ട്രിക് വാഹന കാലഘട്ടത്തിൽ കുറഞ്ഞ ചെലവിൽ സാധാരണക്കാരന് ഇലക്ട്രിക് ബൈക്ക് ലഭ്യമാക്കുന്നതെങ്ങനെയെന്ന ചിന്തയാണ് അഡാപ്ടീവ് ഡെവലപ്മെന്റ് ഒഫ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന ആശയവുമായി രംഗത്തെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്.
പുതുപുത്തൻ ബൈക്ക് മുതൽ 15 വർഷം കഴിഞ്ഞ് റീ രജിസ്‌ട്രേഷൻ ചെയ്യേണ്ട ഇരുചക്രവാഹനങ്ങൾ വരെ ഇത്തരത്തിൽ മാറ്റി ദീർഘകാലം ഉപയോഗിക്കാനാവും.
വീട്ടിൽ തന്നെ ചാർജ്ജ് ചെയ്യാം. ആറു മുതൽ ഏഴുവരെ മണിക്കൂർ ചാർജ്ജിൽ 100 കിലോമീറ്റർ സഞ്ചരിക്കാനാവും. 60,000 രൂപ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്.ആശയം സ്റ്റാർട്ടപ്പ് രൂപേണ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് വിദ്യാർത്ഥികൾ. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവിറോൺമെന്റിന്റെ ഫണ്ടിംഗ് ലഭിച്ച പ്രൊജക്ട് ആണിത് .മെക്കാനിക്കൽ മേധാവി ഡോ. ഐ. റഹ്മത്തുന്നീസ, മെക്കാനിക്കൽ സ്റ്റാഫ് എം ജി പ്രിൻസ്, അലി, ബേബി, ഇലക്ട്രിക്കൽ വിഭാഗം അദ്ധ്യാപകനായ ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.നിർമ്മാണം കഴിഞ്ഞ പ്രേട്ടോടൈപ്പ് മെക്കാനിക്കൽ അദ്ധ്യാപകർ ചേർന്ന് ഉദ്ഘാടനംചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here