കോഴിമാലിന്യത്തിൽ നിന്ന് പുത്തൻ ഉത്പന്നങ്ങളുമായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ഗവേഷകസംഘം
വളാഞ്ചേരി: കോഴിയവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന പരിസരമലിനീകരണത്തിന് പരിഹാരമാകാവുന്ന സാങ്കേതികവിദ്യയുമായി മൂന്ന് മലയാളി ഗവേഷകർ. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിലെ ഗവേഷണവിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. സി രാജേഷ്, ഗവേഷണ വിദ്യാർഥിയായ ദിവ്യ പി ശ്രീനിവാസൻ, കോഴിക്കോട് എൻഐടി യിലെ കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ എ സുജിത്ത് എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേർണൽ ഓഫ് പോളിമേഴ്സ് എൻവിയോൺമെന്റ്റിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോഴിത്തൂവൽ മാലിന്യം രാസപ്രക്രിയയിലൂടെ സംസ്കരിച്ചെടുത്ത് കൃത്രിമ റബ്ബറുമായി ചേർത്തുകൊണ്ടുള്ള പരിസ്തിതി സൌഹൃദ കമ്പോസ്റ്റ് പദാർഥമായാണ് സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കെരാറ്റിൻ എന്ന പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്ന കോഴിത്തൂവൽ, എൻ.ബി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അക്രിലോ നൈട്രൈൽ ബ്യൂറ്റഡീൻ റബ്ബറുമായി ചേർത്തുണ്ടാക്കുന്ന കമ്പോസ്റ്റ് പദാർഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പദാർഥം പെട്രോളിയം ഉത്‌പന്നങ്ങളുമായി പ്രതിപ്രവർത്തിക്കില്ല. അതിനാൽ പെട്രോളിയം ഉത്‌പന്നങ്ങൾ കൈകാര്യം ചെയ്യുന്ന പൈപ്പുകൾ, ഓയിൽ സീലുകൾ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധയിനം ഓയിൽ ബുഷുകൾ എന്നിവ നിർമ്മിക്കുന്നതിന് ഇവ ഉപയോഗിക്കാനാകും.
വ്യത്യസ്ത സ്വഭാവങ്ങളിലുള്ള പദാർഥങ്ങളെ ഒരുമിച്ച് സൂക്ഷമ ജീവികളുള്ള മണ്ണിൽ കുഴിച്ചിടും. എളുപ്പത്തിൽ ലയിച്ചു ചേരുന്നതിന് വേണ്ടിയാണിത്. ‘സോയിൽ ബറിയൽ ടെസ്റ്റ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് കുറച്ച് ദിവസം മണ്ണിൽ കിടന്നതിന് ശേഷം പരിശോധിച്ചപ്പോൾ ഇതിലെ ഘടകങ്ങൾ കുറയുന്നതായാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ സി രാജേഷ് പറഞ്ഞു. പ്രാഥമൈക പരിശോധന മാത്രമാണ് നടന്നതെന്നും ബാക്കിയുള്ളവ പുരോഗമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദത്തമായ കെരാറ്റിൻ നാരുകളുടെ സാന്നിധ്യമുള്ളതിനാൽ ഈ പദാർത്ഥം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങൾ ഉപയോഗശേഷം എളുപ്പത്തിൽ മണ്ണിൽ ദ്രവിച്ച് ചേരും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തുന്നത്.
ജേർണൽ ഓഫ് പോളിമേഴ്സ് എൻവിയോൺമെന്റലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here