വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമയുടെ വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വിനോദിന്റെ ഭാര്യ ജസീന്ത എന്ന ജ്യോതി, സുഹൃത്ത് യൂസഫ് എന്നിവരെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്ക് എതിരെ ചുമത്തപ്പെട്ട കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ തെളിഞ്ഞതായി മഞ്ചേരി സെഷന്‍സ് കോടതി വിധിച്ചിരുന്നു. ജസീന്ത, യൂസഫ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 42,500 രൂപ വീതം പിഴയും സെഷന്‍സ് കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാദങ്ങള്‍ സംശയാസ്പദമായി തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് ഹാജരായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here