ദേശീയപാത വികസനം: സർവേ നടപടികൾ ഇന്ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: ദേശീയപാത വികസനത്തിനുള്ള ജില്ലയിലെ സർവേ നടപടികൾ ഇന്നു വളാഞ്ചേരി നഗരസഭാ പരിധിയിൽ പ്രവേശിക്കും. നിലവിലുള്ള ദേശീയപാതയിലെ മുക്കിലപീടിക ഓണിയൽ പാലത്തിന്റെ ഇടതുവശത്തുകൂടി വഴിതിരിഞ്ഞാണ് പുതിയ പാത കടന്നുപോകുക. വളാഞ്ചേരി ടൗൺ, കാവുംപുറം, വട്ടപ്പാറ വളവ് എന്നിവയെ ഒഴിവാക്കി നേർരേഖയിൽ കടന്നുപോകുന്ന പാത വട്ടപ്പാറ വളവിന് സമീപത്തെ ആശുപത്രിക്കു സമീപത്തായി എത്തിച്ചേരും.
മൂടാൽ ചോലവളവും പൂർണമായി ഒഴിവാക്കിയാണ് പുതിയപാത കടന്നുപോകുന്നത്. ഇതിനുപുമേ മൂടാൽ പെരുമ്പറമ്പ് ജുമാ മസ്ജിദിന് സമീപത്തെ നിലവിലെ പാത പുർണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് ജനവാസകേന്ദ്രത്തിൽ 45 മീറ്റർ വീതിയിലാണ് പുതിയ പാത കടന്നുപോകുക. നിലവിലെ പാതയുടെ വളവുകൾ നിർവത്തുന്നതിനായാണിത്. ഒഴിവാക്കപ്പെടുന്ന പാതകൾ പലഭാഗങ്ങളും പാർക്കിങ് സ്ഥലങ്ങളായി മാറും. ഇന്നു കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് രണ്ടു കിലോമീറ്റർ ദൂരത്തിൽ സർവേ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
ഇന്നലെ മൂന്നു യൂണിറ്റ് അധികം ഉദ്യോഗസ്ഥരെത്തി ഒന്നര കിലോമീറ്റർ ദൂരത്തിൽ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചു. മൂടാൽ ചോലവളവിന് സമീപംവരെയാണ് ഇന്നലെ സർവേ നടന്നത്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് നാലു കിലോമീറ്റർ ദൂരത്തിലാണ് സർവേ പൂർത്തിയാക്കിയത്. ഇതുവരെ 50 മീറ്റർ ഇടവിട്ട് 60 സർവേ കല്ലുകളാണ് സ്ഥാപിച്ചത്. സർവേ നടത്തി സ്ഥാപിച്ച കല്ലുകൾ എടുത്തുമാറ്റുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാനാണ് സർക്കാർ നിർദേശം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here