വീട്ടിലേയ്ക്കൊരു വഴി തേടി യുവ എഴുത്ത്കാരി: സാഹിറ കുറ്റിപ്പുറത്തിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് ഭൂവുടമ
കുറ്റിപ്പുറം: ‘ഇനിയുമെത്ര മതിലുകള്‍ ഭേദിക്കണം ജീവിതമേ നിന്റെ നിറങ്ങള്‍ കാണാന്‍…’
ഫേസ്ബുക്ക് പേജില്‍ സാഹിറ കുറ്റിപ്പുറമെന്ന എഴുത്തുകാരി ഇങ്ങനെ കുറിച്ചിട്ടതില്‍ വഴിയടയ്ക്കപ്പെട്ടതിന്റെ വിലാപംമാത്രമായിരുന്നില്ല പ്രതിഫലിച്ചത്; നിസ്സഹായതകൂടി നിഴലിയ്ക്കുന്നുണ്ടതില്.
സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയിലാണ് സാഹിറയും കുടുംബവും കഴിയുന്നത്. പണിതീരാത്ത വീട്ടില്‍ വെള്ളവും വെളിച്ചവും ഇല്ലാത്ത ദുരിതജീവിതമായിരുന്നു സാഹിറയുടെയും കുടുംബത്തിന്റേയും. സാഹിത്യസംഘടനയായ യുവകലാസാഹിതിയും മറ്റും ചേര്‍ന്നാണ് സാഹിറയെ സഹായിച്ചത്.
സാമൂഹ്യപ്രവര്‍ത്തകരെല്ലാം കൈകോര്‍ത്തപ്പോള്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിര്‍മാണം പൂര്‍ത്തിയായി. മൂടാലിനടത്തുള്ള മിച്ചഭൂമിയിലേക്ക് വഴിയില്ലാത്തതിനാല്‍ സമീപത്തുള്ള വ്യക്തിയുടെ ഭൂമിയിലൂടെയാണ് സാഹിറയും വീട്ടിലുള്ളവരും വഴിനടന്നിരുന്നത്. അദ്ദേഹത്തിന്റെ ഭൂമിയില്‍ കല്ലുകള്‍ ഇറക്കിവെച്ചപ്പോള്‍ അടയ്ക്കപ്പെട്ടത് സാഹിറയുടെ വീട്ടിലെത്താനുള്ള മാര്‍ഗമാണ്.
കവിതകളെഴുതിക്കിട്ടുന്ന തുച്ഛമായ തുകകൊണ്ട് കുടുംബം പുലര്‍ത്തുന്ന സാഹിറയ്ക്ക് ഇനി വീട്ടിലേക്കുള്ള വഴി ആര് തെളിച്ചുനല്കുമെന്നതാണ് ഉയരുന്ന ചോദ്യം. മിച്ചഭൂമി പതിച്ചുതന്ന സര്‍ക്കാര്‍തന്നെ ഇതിനായി ഇടപെടുമെന്ന വിശ്വാസത്തിലാണ് സാഹിറയും കുടുംബവും. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ മേലേതില്‍ അബ്ദുള്‍ റഷീദിന്റെയും മറിയത്തിന്റെയും മൂന്ന് മക്കളില്‍ മൂത്തവളാണ് സാഹിറ.
സാഹിറയുടെ ഫേസ്ബുക്ക് പോസ്റ്റ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here