സറീനയോ റഫീഖയോ?; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുസ്ലിം ലീഗിൽ ചർച്ചകൾ സജീവം
മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുസ്ലിം ലീഗിനുള്ളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. വനിതാ സംവരണമാണ് ഇത്തവണ. കഴിഞ്ഞ തവണ എസ്.സി സംവരണമായിരുന്നു. തുടർച്ചയായി സംവരണം നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തത്സ്ഥിതി തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
വെള്ളിമുക്കിൽ നിന്ന് വിജയിച്ച വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, ആനക്കയത്ത് നിന്ന് വിജയിച്ച പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. റഫീഖ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. സറീന വഹാബിനായി വനിതാ ലീഗ് രംഗത്തുണ്ട്. അതേ സമയം ഭരണമികവ് കൊണ്ട് ശ്രദ്ധേയയാണ് എം.കെ റഫീഖ. ചോക്കാട് ഡിവിഷനിൽ നിന്ന് വിജയിച്ച മുതിർന്ന നേതാവ് ഇസ്മായിൽ മൂത്തേടം വൈസ് പ്രസിഡന്റായേക്കും.
കോൺഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനത്തിന് സമ്മർദ്ദവുമായി രംഗത്തുണ്ട്. കഴിഞ്ഞ തവണയും ഈ ആവശ്യം കോൺഗ്രസ് ഉയർത്തിയിരുന്നെങ്കിലും ലീഗ് വഴങ്ങിയിരുന്നില്ല . പകരം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം കൂടി നൽകുകയായിരുന്നു. കോൺഗ്രസിന് രണ്ട് സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷന്മാരെയാവും ലഭിച്ചേക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here