തവനൂർ സെൻട്രൽ ജയിൽ ജൂൺ 12-ന് തുറക്കും
തവനൂർ : കാത്തിരിപ്പിനൊടുവിൽ തവനൂർ സെൻട്രൽ ജയിൽ തുറക്കുന്നു. ജൂൺ 12-ന് 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. അവസാനഘട്ട മിനുക്കുജോലികളാണ് ബാക്കിയുള്ളത്. പ്രധാന കവാടത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിലെ പെയിന്റിങ് ജോലികളും പുരോഗമിക്കുകയാണ്. ജയിലിലേക്ക് വെള്ളമെടുക്കാനുള്ള കിണറിന്റെ നിർമാണം ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്നുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് കണക്‌ഷനുകൾ വഴിയാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. മറ്റു മൂന്ന് ജയിലുകളിൽനിന്നു വ്യത്യസ്തമായാണ് പുതിയ ജയിലിന്റെ നിർമാണം. ജയിൽനിർമാണ ശില്പകലയായ ‘പനോക്ടിക്കോൺ’ മാതൃകയിലാണ് മറ്റു സെൻട്രൽ ജയിലുകൾ നിർമിച്ചിരിക്കുന്നതെങ്കിൽ തവനൂരിലേത് ‘യു’ ആകൃതിയിൽ മൂന്നു നിലകളിലായാണ് നിർമിച്ചിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞാലും ആദ്യഘട്ടത്തിൽ പാർപ്പിക്കുന്ന തടവുകാരുടെ എണ്ണം കുറവായിരിക്കും. സി.സി.ടി.വി. സംവിധാനം സജ്ജീകരിക്കാനുണ്ട്. ഉദ്ഘാടനത്തിനുശേഷമേ ഇതിന്റെ പണികളുണ്ടാകൂ. ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ആശുപത്രി തുടങ്ങിയവയുടെ നിർമാണവും ഉദ്ഘാടനത്തിനുശേഷമേ ഉണ്ടാകൂ.സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണിത്. മറ്റു സെൻട്രൽ ജയിലുകളെല്ലാം സ്വാതന്ത്ര്യലബ്‌ധിക്കു മുൻപ് സ്ഥാപിച്ചതാണ്. തവനൂരിലും സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ സെൻട്രൽ ജയിലുകളുടെ എണ്ണം നാലാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here